ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അതിർത്തിയിൽ സംഘർഷം കനക്കവേ, ഡൽഹിയിൽ നിർണായക കൂടിക്കാഴ്ചകൾ നടന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിതലസുരക്ഷാസമിതിയുടെ യോഗവും മന്ത്രിസഭായോഗവും ബുധനാഴ്ചയും ചേരും. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ചേരുന്ന സമിതിയുടെ രണ്ടാമത്തെ യോഗമാണിത്. പാക് വിമാനങ്ങൾക്ക് വ്യോമപാത തടയുന്നതും കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങൾ വിലക്കുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങളിലേക്ക് കടന്നേക്കും. വ്യോമപാത അടച്ചാൽ പാക് വിമാനങ്ങൾ തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് പറക്കാൻ ചൈനയിലെയും ശ്രീലങ്കയിലെയും വ്യോമപാത ഉപയോഗിക്കേണ്ടിവരും.

നിയന്ത്രണരേഖയിൽ തുടർച്ചയായ അഞ്ചാംദിവസവും വെടിനിർത്തൽക്കരാർ പാകിസ്താൻ ലംഘിച്ചു. വടക്കൻകശ്മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലകളിലും പൂഞ്ച് സെക്ടർ, അഖ്നൂർ എന്നിവിടങ്ങളിലും പാകിസ്താൻ വെടിവെച്ചു. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ആളപായമില്ല. ഭീകരരുടെ വീടുകൾ തകർക്കുന്ന നടപടി സൈന്യം നിർത്തിവെച്ചു. പ്രാദേശികപ്പാർട്ടികൾ കേന്ദ്രത്തെ എതിർപ്പ് അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ 13 വീടുകളാണ് തകർത്തത്.

ആക്രമണത്തിൽ പങ്കെടുത്ത രണ്ട് ഭീകരരെത്തിയത് ഒന്നരവർഷംമുൻപാണെന്നാണ് വിവരം. അലിഭായ് എന്ന തൽഹ, ഹാഷിം മൂസ എന്ന സുലൈമാൻ എന്നിവരാണിവർ. പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ പാക് സൈന്യത്തിലെ മുൻ കമാൻഡോ ഹാഷിം മൂസയെ പിന്നീട് ലഷ്‌കറെ-തൊയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. പാക് ഭീകരർ സാംബ-കഠുവ മേഖലകൾ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ഇതിലൊരാളാണ് ഹാഷിം.

2024 ഒക്ടോബറിൽ സോനാമാർഗ് തുരങ്ക ആക്രമണത്തിൽ ഉൾപ്പെട്ടയാളാണ് ഹാഷിം മൂസ. അന്ന് ആക്രമണത്തിലുൾപ്പെട്ട ഭീകരൻ ജുനൈദ് അഹമ്മദ് ഭട്ടിനെ സുരക്ഷാസേന കഴിഞ്ഞ ഡിസംബറിൽ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇയാളുടെ ഫോണിൽനിന്നാണ് മൂസയുടെ പങ്ക് കണ്ടെത്തിയത്. പഹൽഗാമിൽ ആക്രമണം നടത്തിയത് നാല് ഭീകരവാദികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേർ സൈനികവേഷത്തിലും ഒരാൾ കശ്മീരിവേഷത്തിലുമായിരുന്നു. പുറത്തേക്കുള്ള വഴിയിൽ നിന്നയാളാണ് ആദ്യം വെടിയുതിർത്തത്. ആക്രമണശേഷം മതിൽ ചാടിക്കടന്ന് ഭീകരവാദികൾ രക്ഷപ്പെടുകയായിരുന്നു.

സേനയുമായി ബന്ധപ്പെട്ട സെറ്റുകൾ ഹാക്ക്ചെയ്യാനുള്ള പാകിസ്താൻനീക്കം തകർത്തതായി കരസേന. ശ്രീനഗർ, റാണികേത് എന്നിവിടങ്ങളിലെ ആർമി പബ്ലിക് സ്കൂൾ വെബ്സൈറ്റുകൾ ഹാക്ക്ചെയ്യാനുള്ള നീക്കമാണ് തകർത്തത്. പാകിസ്താനിൽനിന്നുള്ള ഐഒകെ ഹാക്കർ എന്ന സംഘമാണ് പിന്നിൽ. ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക്ചെയ്യാൻ ശ്രമംനടത്തി. നാല് സൈറ്റുകളും തിരികെപ്പിടിച്ചതായി സേനാവൃത്തങ്ങൾ അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply