സ്വന്തം സാലറി ക്രെഡിറ്റായി എന്ന് കാണിക്കുന്ന സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ യുവാവിനെതിരെ വിമർശനവും പരിഹാസവും. ബെംഗളൂരു ആസ്ഥാനമായുള്ള ‘യൂഫോമി’ന്റെ സഹസ്ഥാപകനായ അഭിഷേക് ചക്രവർത്തിയാണ് സ്ക്രീൻഷോട്ട് എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. എന്നാൽ, അഭിഷേക് ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ് എന്നും അത്രയൊന്നും ശമ്പളം ഉണ്ടാവില്ലെന്നുമാണ് നെറ്റിസൺസ് വിമർശനമായി പറ‍ഞ്ഞത്. 

ഇത്രയധികം ശമ്പളമുണ്ട് എന്നത് വിശ്വസിക്കാൻ സാധിക്കില്ല എന്നും പലരും അഭിപ്രായപ്പെട്ടു. ‘₹420,000 രൂപ തന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിൽ‌ ക്രെഡിറ്റായി’ എന്നാണ് അഭിഷേക് ചക്രവർത്തി പോസ്റ്റിൽ പറയുന്നത്. നിങ്ങളൊരു ചെറിയ SaaS നടത്തുകയും അതിൽ നിന്നും നിങ്ങളുടെ ശമ്പളമായി ഒരു മാജിക് നമ്പർ തിരഞ്ഞെടുക്കാനും ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ലഭിക്കുന്നു എന്നാണ് അഭിഷേക് പറയുന്നത്. 

അഭിഷേക് ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ടിൽ കാണുന്നത് ₹420,000 എന്നാണ്. എന്നാൽ, അക്കങ്ങൾ ഒരിക്കലും ഇങ്ങനെ അല്ല വരിക. അത് ₹4,20,000 എന്നായിരിക്കും എന്നാണ് പലരും തങ്ങളുടെ കമന്റുകളിൽ പറഞ്ഞിരിക്കുന്നത്. മറ്റ് ചിലർ പറഞ്ഞത് ഇത്രയധികം രൂപ ശമ്പളമായി കിട്ടാൻ യാതൊരു സാധ്യതയും കാണുന്നില്ല എന്നാണ്. 

ഒരാൾ കമന്റിൽ പറഞ്ഞിരിക്കുന്നത്, നിങ്ങൾക്ക് കുറച്ചുകൂടി നല്ല എഡിറ്റിം​ഗ് സ്കിൽ ഉണ്ടായിരുന്നു എങ്കിൽ എന്നാണ്. അങ്ങനെയാണെങ്കിൽ ₹420 എന്നതിന് പകരം ₹4,20 എന്ന് എഴുതിയേനെ എന്നും ആളുകൾ അഭിപ്രായപ്പെട്ടു. മൃദുൽ എന്നൊരു യൂസർ കമന്റ് നൽകിയിരിക്കുന്നത്, ഇത് തികച്ചും വ്യാജമായ ഒരു സ്ക്രീൻഷോട്ടാണ് എന്നാണ്. 

എന്തായാലും, നിരവധിപ്പേർ ഇതിനെ വിമർശിച്ചും പരിഹസിച്ചും കമന്റുകൾ നൽകിയതോടെ അഭിഷേക് പറഞ്ഞത്, അങ്ങനെ സംശയമുള്ളവർക്ക് തന്നെ വീഡിയോകോൾ വിളിച്ച് ആ സംശയം ദുരീകരിക്കാം എന്നാണ്. ടെക് മേഖലയിൽ ഈ ശമ്പളം കിട്ടുക എന്നത് സാധാരണമാണ് എന്നും പിന്നീട് അഭിഷേക് കുറിച്ചു. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply