പത്തനംതിട്ട: ബസ് സ്റ്റാന്‍ഡില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത എസ്‌ഐക്ക് പ്ലസ് ടു വിദ്യാര്‍ഥിയുടെ മര്‍ദനം. സ്‌കൂള്‍ വിട്ട ശേഷം സ്റ്റാന്റില്‍ കറങ്ങി നടക്കാതെ വീട്ടില്‍ പോവാന്‍ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിനു പിടിച്ച് വിദ്യാര്‍ഥി നിലത്തിടുകയായിരുന്നു. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ചെവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനുവിനാണ് മര്‍ദനമേറ്റത്. തലയ്ക്കും കൈക്കും പരുക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ഥികളുടെ സ്ഥിരം സംഘര്‍ഷവേദിയാണ് പത്തനംതിട്ട സ്വകാര്യ ബസ്റ്റാന്റെന്ന് നാട്ടുകാര്‍ പറഞ്ഞു.
വിദ്യാര്‍ഥിനികളെ സ്ഥിരമായി കമന്റടിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐയും സംഘവും ബസ് സ്റ്റാന്റിലെത്തിയത്. അപ്പോഴാണ് സ്റ്റാന്റില്‍ കറങ്ങി നടക്കുന്ന വിദ്യാര്‍ഥിയ കണ്ടത്. പിന്നാലെ ഇവിടെ ഇങ്ങനെ കറങ്ങി നടക്കാതെ വീട്ടില്‍ പോവാന്‍ എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട ഉടനെ അത് പറയാന്‍ താനാരാണെന്ന് ചോദിച്ച് വിദ്യാര്‍ഥി പൊലീസുകാര്‍ക്ക് നേരെ തട്ടിക്കയറുകയായിരുന്നു.
എന്നാല്‍ നമുക്ക് സ്റ്റേഷനില്‍ പോവാമെന്ന് പറഞ്ഞ് എസ്‌ഐ വിദ്യാര്‍ഥിയുടെ കൈയില്‍ പിടിച്ച് ജീപ്പിനടുത്തേക്കെത്തിയപ്പോള്‍ വിദ്യാര്‍ഥി പിന്നില്‍ നിന്നും എസ്‌ഐയുടെ കഴുത്തിന് പിടിച്ച് താഴെയിടുകയും കമ്പിവടികൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. പിന്നാലെ തന്നെ പൊലീസ് ഇയാളെ കീഴടക്കി സ്റ്റേഷനിലെത്തിച്ചു.
ലോക്കപ്പില്‍ വച്ചും വിദ്യാര്‍ഥി ബഹളമുണ്ടാക്കി. ഇയാള്‍ മാനിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന കാര്യം സംശയിക്കുന്നതായും പരിശോധനകള്‍ നടക്കുമെന്നും പൊലീസ് അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply