കോട്ടയം: കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ കൂടിവരികയാണെന്ന് ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ അബ്ദുൽ. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ഈ വർഷം ജനുവരി 1 മുതൽ മാർച്ച്‌ 30 വരെ ലഭിച്ച 700 പരാതികളിൽ 500ഉം കുടുംബ പ്രശ്നങ്ങൾ ആയിരുന്നുവെന്ന് എസ്എച്ച്ഒ പറയുന്നു. കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി  8 മണിക്ക് ശേഷം ഒപ്പിടാൻ പറയാറുണ്ടെന്ന് എസ്എച്ച്ഒ വിശദീകരിച്ചു. രണ്ട് മാസം മുൻപ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റിൽ ചാടി മരിച്ച അഭിഭാഷക ജിസ്മോൾ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി വന്നുകണ്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്ന് എസ്എച്ച്ഒ കുറിച്ചു.

കഴിഞ്ഞ രണ്ട്  മാസം മുൻപ്  ചിതറി തെറിച്ച ഷൈനിയെയും രണ്ട് കുഞ്ഞു ശരീരങ്ങളും മെഡിക്കൽ കോളേജ് ഇൻക്വസ്റ്റ് ടേബിളിൽ പെറുക്കി വെച്ച്  ഇൻക്വസ്റ്റ് നടത്തുമ്പോൾ മക്കളുടെ മുഖങ്ങൾ  ഓർമ വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയെന്ന് അദ്ദേഹം കുറിച്ചു. യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവമുണ്ടായി. ഒരു അമ്മയും രണ്ട് കുട്ടികളും കാരിത്താസ് ഹോസ്പിറ്റലിൽ. ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് എസ്എച്ച്ഒ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ 2025 ജനുവരി 1 മുതൽ മാർച്ച്‌ 30 വരെ 700 പരാതികൾ. (കോട്ടയം ജില്ലയിൽ തന്നെ  കൂടുതൽ, അതിൽ  500ന് അടുത്ത് കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു 10 ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി  8 മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ  അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ഏറ്റുമാനൂർ. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. 

ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല സാർ, ഒപ്പിടൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് ഏറ്റുമാനൂർ പോലീസുകാർ നൂറു കണക്കിന് ആത്‍മഹത്യകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട്  മാസം മുൻപ്  ചിതറി തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും മെഡിക്കൽ കോളേജ് ഇൻക്വസ്റ്റ് ടേബിളിൽ പെറുക്കി വെച്ച്  ഇൻക്വസ്റ്റ് നടത്തുമ്പോൾ എന്റെ സിദ്രുവിന്‍റെയും അയനയുടെയും മുഖങ്ങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും കാരിത്താസ് ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply