ചൈ
നയിലെ സോഷ്യല്‍ മീഡിയയില്‍ ഒരു യുവാവിന്റെ ഭാര്യയും കാമുകിയും തമ്മിലുള്ള കേസ് ചര്‍ച്ചാവിഷയമാകുകയാണ്. ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താന്‍ ഭാര്യ കാമുകി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഒളിക്യാമറ വെയ്ക്കുകയായിരുന്നു. ഭര്‍ത്താവും കാമുകിയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ഭാര്യ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ കാമുകി യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് കോടയിതിലെത്തിയതോടെ യുവതിയോട് ഓണ്‍ലൈനില്‍നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ യുവതി നഷ്ടപരിഹാരം നല്‍കണമെന്ന കാമുകിയുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.

2023 ഓഗസ്റ്റിലാണ് താന്‍ വാടകക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കാമുകിയായ വാങ് ഒളിക്യാമറ കണ്ടെത്തുന്നത്. വാങ്ങിന്റെ കാമുകനായ ഹുവിന്റെ ഭാര്യ ലീയും സഹോദരങ്ങളുമാണ് ഈ ക്യാമറ അവിടെ സ്ഥാപിച്ചത്. തന്റെ ഭര്‍ത്താവ് വാങ്ങിനൊപ്പം താമസിക്കുന്നത് കണ്ടെത്തിയതോടെയാണ് ലീ ഈ സാഹസത്തിന് മുതിര്‍ന്നത്. ഈ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയുകയും ലീ അവയെല്ലാം ഓണ്‍ലൈനില്‍ അപ്്‌ലോഡ് ചെയ്യുകയും ചെയ്തു.

ഇതോടെ വാങ് ലീക്കും സഹോദരങ്ങള്‍ക്കുമെതിരെ കേസ് നല്‍കി. തന്റെ സ്വകാര്യതയും പ്രതിച്ഛായയും ഇല്ലാതാക്കുന്ന ഈ പ്രവര്‍ത്തി അവസാനിപ്പിക്കണമെന്നും വീഡിയോ നീക്കം ചെയ്യണമെന്നും വാങ് ആവശ്യപ്പെട്ടു. ലീ പരസ്യമായി മാപ്പ് പറയണമെന്നും ഇതു മൂലമുണ്ടായ മാനസിക പ്രയാസത്തിനും നിയമപരമായ ചെലവുകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും വാങ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന വാങ്ങിന്റെ ആവശ്യം കോടതി നിഷേധിച്ചു. വാങ് അപ്പീല്‍ നല്‍കിയെങ്കിലും, ഏപ്രില്‍ ആദ്യം വുഷോ മുനിസിപ്പല്‍ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി അപ്പീല്‍ തള്ളിക്കളഞ്ഞു.

അതേസമയം തന്റെ പ്രവര്‍ത്തികള്‍ ന്യായീകരിക്കുകയാണ് ലീ ചെയ്തത്. അത് ഭര്‍ത്താവിന്റെ താമസസ്ഥലമായതിനാല്‍ തന്റെ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനാണ് വാടക വീട്ടില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചതെന്ന് അവര്‍ പറഞ്ഞു. ഭര്‍ത്താവ് വഞ്ചിച്ചതിന്റെ ദേഷ്യത്തിലാണ് വീഡിയോകള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതെന്നും, തന്റെ പെരുമാറ്റം അനുചിതമാണെന്ന് കരുതുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു.വാങ്ങിന്റെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ലെന്നും ലീയുടെ സഹോദരങ്ങളും വാദിച്ചു.

എന്നാല്‍ ലീയുടെ പ്രവര്‍ത്തികള്‍ വാങ്ങിന്റെ അവകാശങ്ങളെ ലംഘിച്ചുവെന്ന് കോടതി വിധിച്ചു. എങ്കിലും വിവാഹിതനായ ഒരാളുമായുള്ള വാങ്ങിന്റെ ബന്ധം പൊതുസമാധാനത്തിനും സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും വാങ്ങിന് ഗുരുതരമായ മാനസികാഘാതം സംഭവിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. ലീയില്‍ നിന്ന് മാപ്പും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള വാങ്ങിന്റെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.

ഇതിന് പിന്നാലെ ഈ കേസ് ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. കാമുകി നഷ്ടപരിഹാരം തേടുന്നത് യുക്തിസഹമല്ലെന്ന് ചിലര്‍ പ്രതികരിച്ചു. തന്റെ വാദങ്ങള്‍ തെളിയിക്കാന്‍ ഭാര്യക്ക് തെളിവുകള്‍ ആവശ്യമാണെന്നും അതില്ലാതെ വഞ്ചനയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരെ ഭാര്യക്ക് എങ്ങനെ കേസ് നല്‍കാനാകുമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. ഒരു കാമുകി ഭാര്യയില്‍ നിന്ന് നഷ്ടപരിഹാരം തേടുന്നത് പരിഹാസ്യമാണെന്നും ചിലര്‍ കുറിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply