കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമഭേദഗതിക്കെതിരെയുള്ള സമരം അക്രമാസക്തമായപ്പോഴും തൃണമൂൽ കോൺഗ്രസ് നേതാവും ബഹറാംപൂർ എംപിയുമായ യൂസഫ് പത്താന്റെ അസാന്നിധ്യം ചർച്ചയാകുന്നു. യൂസഫ് പത്താന്റെ മണ്ഡലമുൾപ്പെടുന്ന ജില്ലയാണ് മുർഷിദാബാദ്. എന്നാൽ സ്വന്തം മണ്ഡലത്തിലടക്കം അക്രമം പൊട്ടിപ്പുറപ്പട്ടപ്പോൾ എംപി എവിടെയാണെന്ന് ആർക്കുമറിയില്ല. യൂസഫ് പത്താനെതിരെ സ്വന്തം പാർട്ടിയിൽ നിന്നുൾപ്പെടെ കടുത്ത വിമർശനമാണ് ഉയരുന്നത്. കലാപം തുടങ്ങിയ ദിവസം ചായ കുടിച്ച് നിൽക്കുന്ന ചിത്രമാണ് എംപി പോസ്റ്റ് ചെയ്തത്. ഈ നടപടിയും വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
മുർഷിദാബാദ് ജില്ലയിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ബഹറാംപൂർ. മറ്റ് രണ്ട് സീറ്റുകളായ ജംഗിപൂർ, മുർഷിദാബാദ് എന്നിവയും ടിഎംസിയുടെ കൈവശമാണ്. ഏപ്രിൽ 12 ന്, ജംഗിപൂർ പാർലമെന്ററി മണ്ഡലത്തിൽ ഉൾപ്പെടുന്ന സംസർഗഞ്ച്, ധുലിയാൻ, സുതി എന്നിവയുൾപ്പെടെ മുർഷിദാബാദിലെ വിവിധ പ്രദേശങ്ങളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ അക്രമാസക്തമായതിന്റെ പിറ്റേ ദിവസമാണ് ചായ കുടിക്കുന്ന ചിത്രങ്ങൾ പത്താൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. മനോഹരമായ വൈകുന്നേരത്ത് നല്ല ചായ, ശാന്തമായ ചുറ്റുപാടുകൾ. ഈ നിമിഷത്തിൽ മുഴുകി ഞാൻ”….എന്നായിരുന്നു അടിക്കുറിപ്പ്. തുടർന്ന് പത്താനെതിരെ പ്രധാന പ്രതിപക്ഷമായ ബിജെപി രൂക്ഷമായി വിമർശിച്ചു.
മാർച്ച് 31 ഈദിന് മുമ്പാണ് പത്താനെ അവസാനമായി ബഹറാംപൂരിൽ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. റംസാൻ മാസത്തിൽ, മുർഷിദാബാദിൽ ടിഎംസി സംഘടിപ്പിച്ച ചില ഇഫ്താർ പാർട്ടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ആക്രമസമയത്ത് അദ്ദേഹത്തിന്റെ സാന്നിധ്യവും ശാന്തത പാലിക്കാനുള്ള അദ്ദേഹത്തിന്റെ സന്ദേശവും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സഹായകമാകുമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. പത്താന്റെ അഭാവം ടിഎംസി നേതാക്കളിലും പ്രവർത്തകരിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളിൽ ഭരണകക്ഷി നിരവധി സമാധാന യോഗങ്ങൾ നടത്തി. ഇതിൽ പ്രാദേശിക പാർട്ടി എംഎൽഎമാർക്ക് പുറമേ മറ്റ് രണ്ട് ജില്ലാ എംപിമാരായ അബു താഹെർ ഖാൻ, ഖലീലുർ റഹ്മാൻ എന്നിവരും പങ്കെടുത്തു. യൂസഫ് പത്താൻ പുറംനാട്ടുകാരനാണ്, രാഷ്ട്രീയത്തിൽ പുതുമുഖവുമാണ്. അദ്ദേഹത്തിന്റെ സമീപനം ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നുവെന്ന് അബു താഹിർ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.