തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിര്‍ദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക.
മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനര്‍നിര്‍മ്മിക്കുന്നത്. ഇനിയൊരു അപകടമുണ്ടായാല്‍ അതിജീവിക്കാന്‍ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിര്‍മ്മിതി. മുന്‍പുണ്ടായിരുന്ന പാലത്തിനെക്കാള്‍ ഉയരം പുതിയ പാലത്തിനുണ്ടാവും. കഴിഞ്ഞ ദുരന്തകാലത്ത് പുഴയിലുണ്ടായ പരമാവധി ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലായിരിക്കും നിര്‍മാണം.
പാലത്തിന്റെ ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലും 80 മീറ്റര്‍ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിര്‍മിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റര്‍ നീളത്തില്‍ പണിയുന്നത്. വെള്ളത്തില്‍ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിര്‍മിക്കുക.
കഴിഞ്ഞവര്‍ഷം ജൂലൈ 30-നാണ് ഉരുള്‍പ്പെട്ടലിനെത്തുര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലം ഒലിച്ചുപോയത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.