നിരവധി സംസ്ഥാനങ്ങളില്‍ തിരുട്ട് ഗ്രാമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അത്തരം തിരുട്ട് ഗ്രാമങ്ങളില്‍ നിന്നുള്ള സംഘങ്ങൾ നടത്തുന്ന പരമ്പര മോഷണങ്ങൾ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ബെംഗളൂരുവിലെ ഒരു കാര്‍ ഡ്രൈവര്‍ നടത്തിയ മോഷണം ഇപ്പോൾ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. തന്‍റെ സിഎക്കാരനായ ബോസിന്‍റെ ഒന്നര കോടി രൂപയാണ് കാര്‍ ഡ്രൈവര്‍ തട്ടിയത്. എന്നാല്‍, അദ്ദേഹം അത്രയും വലിയ തുക മോഷണം നടത്തിയത്, ക്ഷേത്രത്തില്‍ കാണിക്കയിടാന്‍ !
ബെംഗളൂരുവിലെ കൊദന്തരാമപുരയിലെ 46 -കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് കൈവശമുണ്ടായിരുന്ന 1.51 കോടി രൂപ അടങ്ങിയ ബാഗ്, ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനായി കഴിഞ്ഞ മെയ് അഞ്ചാം തിയതി തന്‍റെ വിശ്വസ്തനായ കാര്‍ ഡ്രൈവറെ ഏല്‍പ്പിച്ചു. ഏതാണ്ട് 10 വര്‍ഷമായി അദ്ദേഹത്തിനൊപ്പമുള്ള ഡ്രൈവറാണ് രാജേഷ് ബി എന്‍. ബാങ്കില്‍ അടയ്ക്കണമെന്നും തത്കാലം കാറില്‍ കൊണ്ട് വയ്ക്കാനും അദ്ദേഹം, കാര്‍ ഡ്രൈവര്‍ രാജേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ബാങ്കിലേക്ക് പോകാനായി അദ്ദേഹം താഴെ എത്തിയപ്പോൾ കാറും ഡ്രൈവര്‍ രാജേഷിനെയും കാണാനില്ലായിരുന്നു.
‘ഉടനെ തന്നെ ഞാന്‍ ഓഫീസിലേക്ക് പോയി. അവിടെയെത്തിയപ്പോൾ കാര്‍ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. തുടർന്ന് രാജേഷിനെ വിളിച്ചു. മരുന്ന് വാങ്ങാന്‍ പോയതാണെന്നും 10 മിനിറ്റിനുള്ളില്‍ വരുമെന്നു അയാൾ പറഞ്ഞു. എന്നാല്‍. അയാൾ തിരിച്ച് വരികയോ വിളിക്കുകയോ ചെയ്തില്ല’ എന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പറഞ്ഞതായി ഡെക്കാന്‍ ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്തു. രാജേഷിനെ കാണാനില്ലെന്ന് വ്യക്തമായതോടെ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. പോലീസ്, രാജേഷിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പട്ടു. തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തിയതി രാജേഷ് പോലീസ് സ്റ്റേഷനിലെത്തി. പിന്നാലെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഏതാണ്ട് ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവഴിച്ചെന്ന് രാജേഷ് പോലീസിനോട് പറഞ്ഞു. പതിനായിരക്കണക്കിന് തുക വിവിധ ക്ഷേത്രങ്ങളില്‍ കാണിക്കയായി നിക്ഷേപിച്ചെന്നും രാജേഷ് പോലീസിനോട് പറഞ്ഞു. ക്ഷേത്രങ്ങൾക്ക് നല്‍കിയ പണം തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബെംഗളൂരു പോലീസ്. അതേസമയം എത്ര രൂപ രാജേഷില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
Discover more from MALAYALAM
Subscribe to get the latest posts sent to your email.