വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ യുവതിയെ കടുവ ആക്രമിച്ചു കൊലപെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭാ പരിധിയില്‍ യുഡിഎഫ്-എസ്ഡിപിഐ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പഞ്ചാരകൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് 27 വരെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇതിനിടെ, വെള്ളിയാഴ്ച രാവിലെ കടുവ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
അതേസമയം നരഭോജി കടുവയയ്ക്കായുള്ള വനം വകുപ്പിന്റെ തെരച്ചില്‍ രണ്ടാം ദിനവും തുടരും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്നു വനത്തില്‍ തെരച്ചില്‍ നടത്തും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ തുടരും. ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായുള്ള കൂട് സ്ഥാപിച്ചിട്ടുണ്ട്. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും.
അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടത് പുതിയ ആശങ്കയ്ക്കു വഴിവച്ചിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.