മുംബൈ: രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, രോഹിത് ശര്‍മയ്ക്കും യശസ്വി ജയ്‌സ്വാളിനും ഋഷഭ് പന്തിനും രണ്ടാം ഇന്നിങ്‌സിലും നിരാശ. രോഹിതിനെയും ജയ്‌സ്വാളിനെയും കൂടാതെ അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ശിവം ദുബെ, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരും ഉള്‍പ്പെടുന്ന മുംബൈ ടീം ദുര്‍ബലരായ ജമ്മു കശ്മീരിനെതിരേ പതറുന്ന കാഴ്ചയായിരുന്നു മത്സരത്തിന്റെ രണ്ടാം ദിനം.
ആദ്യ ഇന്നിങ്‌സില്‍ മൂന്ന് റണ്‍സിനു പുറത്തായ രോഹിത് ശര്‍മയുടെ രണ്ടാം ഇന്നിങ്‌സിലെ സംഭാവന 28 റണ്‍സാണ്. ആദ്യ ഇന്നിങ്‌സില്‍ 4 റണ്‍സെടുത്ത ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 26 റണ്‍സിനും പുറത്തായി. പേസ് ബൗളര്‍ യുധ്വീര്‍ സിങ്ങാണ് ഇരുവരുടെയും വിക്കറ്റ് സ്വന്തമാക്കിയത്.
120 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ മുംബൈ നേടിയത്. ഇതിനെതിരേ ജമ്മു കശ്മീര്‍ 206 റണ്‍സ് എടുത്തതോടെ അവര്‍ക്ക് 86 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് കിട്ടി. കളി അവസാനിക്കാന്‍ രണ്ടു ദിവസം ശേഷിക്കെ മുംബൈ രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ച നേരിട്ടിരുന്നു. ഒരു ഘട്ടത്തില്‍ 101 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ അവരെ പക്ഷേ, ശാര്‍ദൂല്‍ ഠാക്കൂറും (113) തനുഷ് കൊടിയാനും (58) ഒരുമിച്ച 173 റണ്‍സിന് പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ട് കരകയറ്റി.
ആദ്യ ഇന്നിങ്‌സിലും 51 റണ്‍സുമായി ശാര്‍ദൂല്‍ ഠാക്കൂര്‍ മുംബൈയുടെ ടോപ് സ്‌കോററായിരുന്നു. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 274/7 എന്ന നിലയിലാണ് മുംബൈ.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply