കൊച്ചി : മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ ഷാഫി (56) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു വിയോഗം. മായാവി, തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാന്‍, ചട്ടമ്പിനാട്, ടു കണ്‍ട്രീസ് തുടങ്ങി ബോക്‌സ് ഓഫിസില്‍ പണക്കിലുക്കവും പ്രേക്ഷകരില്‍ ചിരിക്കിലുക്കവും സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.
1968 ഫെബ്രുവരിയില്‍ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പില്‍ തറവാട്ടിലാണ് റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ ജനനം. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ. കലാകാരന്മാരായ അമ്മാവന്മാരും മറ്റു ബന്ധുക്കളുമൊക്കെ സിനിമയും മറ്റും ചര്‍ച്ച ചെയ്യുന്നതു കേട്ടു വളര്‍ന്ന ഷാഫിയിലും കുട്ടിക്കാലത്തുതന്നെ സിനിമാ മോഹമുണ്ടായി. സ്‌കൂള്‍ കാലത്ത് മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചിരുന്നു. അമ്മാവന്‍ സിദ്ദീഖ് സിനിമയിലെത്തിയതോടെ അതു ശക്തവുമായി.
സഹോദരന്‍ റാഫിയുടെയും അമ്മാവന്‍ സിദ്ദിഖിന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാഫിയും ചിരിയുടെ ട്രാക്കിലാണ് വിജയം കണ്ടത്. രാജസേനന്‍ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി, 2001 ല്‍ ജയറാം നായകനായ വണ്‍മാന്‍ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.
മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടര്‍ന്ന് 9 മുതല്‍ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സഹകരണ ബാങ്ക് ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം ഇന്ന് നാലിന് കലൂര്‍ മുസ്ലിം ജമാഅത്ത് പള്ളിയില്‍. ഭാര്യ ഷാമില. മക്കള്‍: അലീമ ഷെറിന്‍, സല്‍മ ഷെറിന്‍. പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്; സംവിധായകനും നടനുമായ റാഫി (റാഫി മെക്കാര്‍ട്ടിന്‍) സഹോദരനും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply