കോട്ടയം: പി സി ജോര്‍ജിന്റെ ലവ് ജിഹാദ് പ്രസംഗത്തില്‍ കേസെടുത്തേക്കില്ല. പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമപദേശം. പി സി ജോര്‍ജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തില്‍ പൊലീസ് നിയമപദേശം തേടിയിരുന്നു. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം ലഭിച്ചത്. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പ്രസംഗം.
കേരളത്തില്‍ ലൗ ജിഹാദ് വര്‍ദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന. ‘മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നും’ പി സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു. ‘കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു.
മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിസി ജോര്‍ജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയായിരുന്നു വീണ്ടും വിവാദ പ്രസംഗം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ഈ കേസില്‍ റിമാന്‍ഡിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് അന്ന് ചുമത്തിയിരുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply