കൊച്ചി: സാമൂഹികമാധ്യങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ഹൈക്കോടതി ജസ്റ്റിസ് എം.ബി. ഹേമലതയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിരിക്കെ സാമൂഹികമാധ്യമങ്ങള്‍ വഴി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി.

ഭാരതീയ ന്യായസംഹിതയുടെ 75(3), 75(1)(iv), 79 വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ 120(o) വകുപ്പും ഐടി ആക്ടിലെ 67-ാം വകുപ്പും പ്രകാരമുള്ള കുറ്റമായിരുന്നു സന്തോഷ് വര്‍ക്കിക്കെതിരെ ചുമത്തിയത്. കഴിഞ്ഞ 11 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പോലീസ് അപേക്ഷ നല്‍കിയിരുന്നില്ലെന്ന് സന്തോഷ് വര്‍ക്കിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ ആവശ്യപ്പെടുന്നില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എം.ബി. ഹേമലത ജാമ്യം അനുവദിച്ചത്.

സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് സന്തോഷ് വര്‍ക്കിയ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നായിരുന്നു നടിമാരുടെ പരാതി.

സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുന്‍പും സാമൂഹികമാധ്യമങ്ങളിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply