തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ചർച്ച നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോർജ് ആശാവർക്കർമാരുമായി വീണ്ടും ചർച്ച നടത്തുന്നത്. ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ വച്ചാണ് ചർച്ച.

സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. ആശമാരുടെ നിരാഹാര സമരം ഇന്ന് 15ആം ദിവസമാണ്.

അതേസമയം, എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ വർക്കർമാർക്ക് വേതനം കൂട്ടാൻ തീരുമാനിച്ചു. 2000 രൂപ വീതം കൂട്ടാനാണ് തീരുമാനം. ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ തീരുമാനം നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ജില്ലയിലെ 48 പഞ്ചായത്തുകളിലും 8 മുൻസിപ്പാലിറ്റികളിലും തീരുമാനം നടപ്പാക്കും. യുഡിഎഫ് പ്രതിപക്ഷത്തുള്ള തദ്ദേശസ്ഥാപനങ്ങളിൽ ആശാവർക്കർമാരുടെ വേതനം കൂട്ടണം എന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരും എന്നും ഷിയാസ് അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply