തിരുവനന്തപുരം: രാപ്പകൽ സമരയാത്രയുമായി ആശമാർ. കാസർകോട് മുതൽ തിരുവനന്തപുരംവരെ മേയ് അഞ്ചുമുതൽ ജൂൺ പതിനേഴ് വരെ ആശമാർ രാപ്പകൽ സമരയാത്ര നടത്തുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
സെക്രട്ടേറിയറ്റിന് മുമ്പിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന രാപ്പകൽ സമരം 71 ദിവസം പിന്നിട്ടു. അനിശ്ചിതകാല നിരാഹാര സമരം 33 ദിവസമായി തുടരുന്നുണ്ട്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർ ഇതുവരെ വഴങ്ങിയിട്ടില്ലെന്ന് ആശമാർ പറയുന്നു. ഇതുവരെ ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത ജനാധിപത്യവിരുദ്ധ സമീപനമാണ് സമരക്കാരോട് സ്വീകരിക്കുന്നത്. പൊതുസമൂഹം ഒന്നടങ്കം ആശസമരത്തെ പിന്തുണച്ചിട്ടും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ആശമാർ കുറ്റപ്പെടുത്തി.
സർക്കാരിന് മുതലാളിത്ത താത്പര്യം മാത്രമാണെന്നും സമരങ്ങളോട് പുലർത്തുന്ന ധാർഷ്ട്യം നിറഞ്ഞ സമീപനം ജനാധിപത്യവ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്നും ആശമാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായങ്ങൾകൂടി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിന് മുമ്പിലെ രാപ്പകൽ അതിജീവന സമരത്തോടൊപ്പം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തിൽ ആശമാരുടെ രാപ്പകൽ സമരയാത്ര ആരംഭിക്കുന്നതായും ആശമാർ അറിയിച്ചു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു ആയിരിക്കും സമരയാത്രയുടെ ക്യാപ്റ്റൻ. മേയ് ഒന്നിന് സമരയാത്രയുടെ ഫ്ലാഗ് ഓഫ് നടക്കും. ഓരോ ജില്ലകളിലും രണ്ടോ മൂന്നോ ദിവസങ്ങളിൽ സഞ്ചരിച്ചു തീർക്കുന്ന രീതിയിലാണ് യാത്ര. തെരുവുകളിൽതന്നെ ആയിരിക്കും അന്തിയുറക്കം. 45- ദിവസം നീണ്ടുനിൽക്കുന്ന യാത്ര ജൂൺ 17-ന് എല്ലാ ആശമാരുടേയും സാന്നിധ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ എത്തിച്ചേരും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.