ജബൽപൂര്‍: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികർ ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത്. മണ്ട്ലയിൽ വ്യാപകമായി നിർബന്ധിത മത പരിവർത്തനം നടക്കുന്നുവെന്നും ബസിൽ യാത്ര ചെയ്യുകയായിരുന്ന പലരുടെയും രേഖകൾ പരിശോധിച്ചപ്പോൾ അവർ ആദിവാസി വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കൾ ആണെന്ന് മനസിലായെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
മേഖലയിലെ ഒരു ബിഷപ്പ് ശ്രീരാമനെതിരെ മോശം പരാമർശവും നടത്തിയെന്ന് വിഎച്ച്പി ആരോപിച്ചു. നിർബന്ധിത മത പരിവർത്തണത്തിനും, ശ്രീരാമന് എതിരെയുള്ള പരമർശത്തിലും ഇന്ന് മധ്യപ്രദേശിൽ പ്രതിഷേധിക്കും എന്നും സംഘടന അറിയിച്ചിട്ടുണ്ട്. മണ്ഡ്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളികളിലേക്ക് തീർത്ഥാടനം നടത്തുന്നതിനിടെ വിഎച്ച്പിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകളെത്തി വാഹനം തടയുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ വിവരമറിഞ്ഞ് സഹായിക്കാനെത്തിയ മലയാളികളായ ഫാദർ ഡേവിസ് ജോർജ്, ഫാദർ ജോർജ് എന്നിവർക്കും സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന്റെ മർദനമേറ്റു.
സ്ത്രീകൾ അടക്കമുള്ളവരുടെ സംഘം പൊലീസുകാരുടെ മുന്നിൽവച്ച് വൈദികരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മർദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജും ഫാദർ ജോർജും പറയുന്നു. വിഎച്ച്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നടത്തിയത് ഗുണ്ടായിസമായിരുന്നുവെന്നും ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പ്രതികരിച്ചു
Discover more from MALAYALAM
Subscribe to get the latest posts sent to your email.