കോട്ടയം: ഇളങ്ങുളം സര്‍വീസ് സഹകരണബാങ്കില്‍ മൂന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഒളിവില്‍പോയ ബാങ്ക് സെക്രട്ടറി 27 വര്‍ഷത്തിനുശേഷം വിജിലന്‍സ് പിടിയില്‍. പനമറ്റം മുളകുന്നത്തുറുമ്പില്‍ ഗോപിനാഥന്‍ നായരെ (69)യാണ് കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി വി.ആര്‍. രവികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
അമേരിക്കയിലേയ്ക്ക് പോകുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരേ വിജിലന്‍സ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ 12 കേസുകളാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.
മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. വിജിലന്‍സ് അന്വേഷണം ഏറ്റെടുത്തതോടെ വിദേശത്തേയ്ക്ക് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ ബഹ്റൈനിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2023-ലാണ് വിജിലന്‍സ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാല്‍ നോട്ടീസ് ഇറങ്ങുന്നതിന് മുമ്പായി നാട്ടിലെത്തിയ പ്രതി ചോറ്റാനിക്കരയില്‍ മകളുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
1993-97 കാലത്തെ ഇടപാടുകളില്‍ 3.68 കോടിയിലേറെ രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഗോപിനാഥന്‍ നായര്‍, ജോജി ജോസ്, കെ.എ. ലംബൈ എന്നിവര്‍ക്കെതിരെയാണ് പ്രാഥമികാന്വേഷണത്തെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. സംഭവത്തില്‍ അന്വേഷണസംഘം നേരത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തട്ടിപ്പ് നടക്കുമ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഭരണം നടത്തിയിരുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply