തൊടുപുഴ: ചുങ്കത്തുനിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റേത് കൊലപാതകമാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്.
കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേര്‍ന്ന് ബിസിനസുകള്‍ നടത്തിയിരുന്നു. ബിജുവുമായി ചേര്‍ന്നുനടത്തിയ ബിസിനസില്‍ നഷ്ടമുണ്ടായെന്ന് ജോമോന്‍ പലതവണ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ജോമോന്‍ പലരോടും പറഞ്ഞിരുന്നു. ഒരുതവണ ബിജുവിന്റെ ഭാര്യയെ വിളിച്ച് ജോമോന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ നാലുമണിക്ക് വീട്ടില്‍നിന്ന് നടക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം. തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിച്ചു. മര്‍ദനത്തിനിടെ കൊലപാതകം നടന്നു എന്നാണ് കരുതുന്നത്. പ്രതികളെയെല്ലാവരേയും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കുറേ നാളുകളായി ബിജു ജോസഫും പ്രതികളും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിനേത്തുടര്‍ന്നാണ് കൊല നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദേവമാതാ കാറ്ററിങ്‌സ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ഇവര്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപ്പുതറ പോലീസ് സ്റ്റേഷനിലും തൊടുപുഴ ഡിവൈഎസ്പിക്കും ഇപ്പോഴത്തെ കേസിലെ പ്രതിയായ ജോമോന്‍ പരാതി നല്‍കിയിരുന്നു. ഈ തര്‍ക്കങ്ങള്‍ പോലീസ് സ്റ്റേഷനില്‍വെച്ച് തീര്‍പ്പാക്കുകയും ചെയ്തിരുന്നു.
കൊലപ്പെടുത്തണമെന്ന ഉദ്ദേശം പ്രതികള്‍ക്കുണ്ടായിരുന്നില്ലെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയി തടവില്‍വെച്ച് പണം വാങ്ങുക എന്നതായിരുന്നു പദ്ധതി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്നാണ് സൂചന. ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടല്‍ സംഭവത്തിലുണ്ട്. മൂന്നുപേരാണ് ക്വട്ടേഷന്‍ സംഘത്തിലുള്ളത്. എറണാകുളം സ്വദേശി, എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി എന്നിവരടങ്ങുന്ന സംഘത്തിന് ജോമോന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. നിലവില്‍ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്.
ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിന്റെ മാന്‍ഹോളില്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിസിനസ് പാര്‍ട്ണര്‍മാര്‍ക്ക് ഇടയിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
കാണാനില്ലെന്ന കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചത്.
ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോന്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. കേസില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിലുള്‍പ്പെട്ട നാലാമന്‍ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അയാള്‍ക്കെതിരെയും നടപടിയുണ്ടാവും. തട്ടിക്കൊണ്ടുപോയ വണ്ടിയില്‍വെച്ചുതന്നെ ബിജു കൊല്ലപ്പെട്ടതായാണ് മനസിലാവുന്നതെന്നും പോലീസ് പറഞ്ഞു. അതേസമയം മാന്‍ഹോളില്‍നിന്ന് ബിജുവിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കൊല്ലപ്പെട്ട ബിജു ജോസഫിനും പ്രതികളെന്ന് സംശയിക്കുന്നവരില്‍ ഒരാളും തമ്മില്‍ പങ്കാളികളായിരുന്നു. ‘ദേവമാതാ’ എന്ന എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും മൊബൈല്‍ മോര്‍ച്ചറിയും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ ബിസിനസ് പങ്കാളിത്തത്തിന്റെ പേരില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായി. കോടതിയില്‍ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply