കുഞ്ഞിന് രോഗമായതിനെ തുടര്‍ന്ന് മുലയൂട്ടാന്‍ കഴിയാതെ വന്ന അമ്മയുടെ മുലയൂട്ടല്‍ അവധി നിഷേധിച്ച കമ്പനിക്കെതിരെ കോടതി നടപടി. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലുവോ എന്ന സ്ത്രീയാണ് താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പ്രസവാവധിയ്ക്ക് ഒപ്പം ഇവര്‍ക്ക് അനുവദിച്ചിരുന്ന ഒരു മാസത്തെ മുലയൂട്ടല്‍ അവധിയാണ് കമ്പനി റദ്ദാക്കിയത്. അവധി അനുവദിച്ച് നല്‍കണമെങ്കില്‍ കുഞ്ഞിനെ മുലയൂട്ടിയതിന്റെ തെളിവ് കാണിക്കണമെന്നായിരുന്നു കമ്പനിയുടെ വിചിത്രമായ വാദം.
2022 ജനുവരിയില്‍ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ഇ-കൊമേഴ്സ് കമ്പനി ലുവോയ്ക്ക് പ്രസവ അവധി യോടൊപ്പം ഒരു മാസത്തെ മുലയൂട്ടല്‍ അവധിയും അനുവദിച്ചിരുന്നു. എന്നാല്‍, കുഞ്ഞ് ജനിച്ചതിനു ശേഷം കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, കുട്ടി പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതുവരെ രണ്ടാഴ്ചത്തേക്ക് മുലയൂട്ടല്‍ നിര്‍ത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. കുഞ്ഞിന്റെ രോഗാവസ്ഥയെ കുറിച്ച് ലുവോ തന്റെ സമൂഹ മാധ്യമ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. ആ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട, കമ്പനി യുവതിയോട് മുലയൂട്ടിയതിനുള്ള തെളിവ് നല്‍കണമെന്നും അല്ലെങ്കില്‍ മുലയൂട്ടല്‍ അവധി റദ്ദാക്കുമെന്നും അറിയിക്കുകയായിരുന്നു. കൂടാതെ അവധിയിലായിരുന്ന സമയത്ത് നല്‍കിയ ശമ്പളം കമ്പനി തിരികെ ചോദിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്നാണ് ലൂവോ കോടതിയെ സമീപിച്ചത്. കോടതി കമ്പനിയുടെ നടപടിയെ വിമര്‍ശിക്കുകയും ലുവോയ്ക്ക് അനുകൂലമായി വിധി പറയുകയുമായിരുന്നു. എന്നാല്‍, ഇതിനെതിരെ കമ്പനി മേല്‍ക്കോടതിയെ സമീപിച്ചെങ്കിലും മേല്‍ കോടതിയും ലുവോയുടെ വാദങ്ങള്‍ ശരിവെച്ച് അവള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. നിയമപ്രകാരം സിച്ചുവാനില്‍ സ്ത്രീകള്‍ക്ക് സാധാരണ ആറ് മാസത്തെ പ്രസവാവധിക്ക് അപ്പുറം ഒരു മാസത്തെ അധിക മുലയൂട്ടല്‍ അവധിക്കും അര്‍ഹതയുണ്ട്. സംഭവം വാര്‍ത്തയായതോടെ സമൂഹ മാധ്യമങ്ങളില്‍ കമ്പനിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.