കൊച്ചി : വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി സിബിഐ കോടതിയില്‍. മരിച്ച പെണ്‍കുട്ടികളുടെ അമ്മയെയും, ഇളയ പെണ്‍കുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് സിബിഐ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. ആകെയുള്ള 9 കേസുകളില്‍ 6 എണ്ണത്തില്‍ അമ്മയെയും അച്ഛനെയും പ്രതി ചേര്‍ത്തതായി സിബിഐ കോടതിയെ അറിയിച്ചു. 3 കേസുകളില്‍ പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടരുകയാണ്. കേസ് വരുന്ന 25ന് വീണ്ടും പരിഗണിക്കും.
മക്കളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നു. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയത്.
13ഉം,9ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയില്‍ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. അമ്മയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേസ് ഏറ്റെടുത്ത സിബിഐ കൊച്ചിയിലെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് മനസ്സ് മരവിപ്പിക്കുന്ന കണ്ടെത്തല്‍ പിന്നീടുണ്ടായത്. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍. കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ നേരിട്ട ക്രൂരമായ ദുരിതപര്‍വ്വമാണ് വിവരിക്കുന്നത്.
കുട്ടികളുടെ അമ്മ മക്കളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇളയ കുട്ടിയെ ഒന്നാം പ്രതി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഈ അമ്മ തന്നെ സാക്ഷിയാണ്. മൂത്തമകളുടെ മരണത്തിന് കാരണക്കാരന്‍ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇളയമകളെയും ക്രൂരതയ്ക്ക് ഇട്ട് കൊടുത്തു. കുട്ടികളുടെ അവധി ദിവസങ്ങളില്‍ ഒന്നാം പ്രതിയെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മദ്യം വിളമ്പി മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സൗകര്യം ഒരുക്കി നല്‍കി.
2016ഏപ്രിലില്‍ മൂത്തകുട്ടിയെ പ്രതി അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് ബലാത്സംഗം ചെയ്യുന്നത്. രണ്ടാഴ്ച കഴിഞ്ഞ് അച്ഛനും ഈ ഹീനകൃത്യം കണ്ട് നിന്നു. പൊലീസ് അന്വേഷണത്തില്‍ മാതാപിതാക്കള്‍ മറച്ച് വെച്ച ഈ കാര്യങ്ങളാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞിനെ അതേ വര്‍ഷം മാര്‍ച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply