ബെയ്ജിങ്:ഏപ്രില്‍ പത്താംതീയതി മുതല്‍ ഉയര്‍ന്ന തീരുവ ഈടാക്കുന്നത് പ്രാബല്യത്തില്‍വരും. ചൈനയില്‍നിന്ന് ചില റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ചയാണ് ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. ഇക്കൊല്ലം ആദ്യം അമേരിക്ക, ചൈനയ്ക്കു മേല്‍ 20 ശതമാനം തീരുവ ചുമത്തിയിരുന്നു. ബുധനാഴ്ച വീണ്ടും 34 ശതമാനം തീരുവ കൂടെ പ്രഖ്യാപിച്ചതോടെ ചൈനയ്ക്കു മേല്‍ അമേരിക്ക ചുമത്തിയ നികുതി 54 ശതമാനമായിമാറി.
യുഎസിലേക്കുള്ള സമേറിയം, ടെര്‍ബിയം, സ്‌കാന്‍ഡിയം, യിട്രിയം തുടങ്ങിയ മീഡിയം-ഹെവി റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയിലാണ് ചൈന നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. ഇത് ഏപ്രില്‍ നാല് മുതല്‍ നിലവില്‍വരും. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നവയാണ് ഈ മൂലകങ്ങളില്‍ അധികവും.
ഇറക്കുമതി തീരുവയ്ക്ക് പുറമെ, ചൈനയില്‍ നിന്നുള്ള മറ്റ് ഇറക്കുമതികള്‍ക്കും യുഎസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നെത്തുന്ന 800 ഡോളര്‍ താഴെ വിലയുള്ള പാഴ്സലുകള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവുകളും നിര്‍ത്തലാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന പാഴ്സലുകള്‍ക്ക് 30 ശതമാനം നികുതിയോ ഓരോ ഉത്പന്നത്തിനും 25 മുതല്‍ 50 ഡോളര്‍ വരെ നികുതി ഈടാക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ബുധനാഴ്ചയാണ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന തീരുവ സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങള്‍ക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യക്ക് 26 ശതമാനം, യൂറോപ്യന്‍ യൂണിയന് 20 ശതമാനം, വിയറ്റ്നാമിന് 46 ശതമാനം, ജപ്പാന് 24 ശതമാനം, തായ്വാന് 32 ശതമാനം, ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനം, തായ്ലന്റിന് 36 ശതമാനവുമാണ് യു.എസ്. ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന പകരച്ചുങ്കങ്ങള്‍.
സാമ്പത്തിക രംഗത്തെ വിമോചന ദിനമായി വിശേഷിപ്പിച്ച ഏപ്രില്‍ രണ്ടാം തീയതിയിലെ പ്രഖ്യാപനത്തില്‍ നിന്ന് അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ കാനഡയേയും മെക്സിക്കൊയേയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ചുമത്തിയ 25 ശതമാനം തീരുവയില്‍ ഇളവ് നല്‍കിയിട്ടില്ല. 1962-ലെ ട്രേഡ് ആക്ട് സെക്ഷന്‍ 232 അനുസരിച്ച് 25 ശതമാനം താരിഫ് നല്‍കുന്ന വാഹനങ്ങള്‍, സ്പെയര്‍ പാര്‍ട്സുകള്‍, സ്റ്റീല്‍, അലുമിനിയം തുടങ്ങിയവയെ പുതിയ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply