കൊച്ചി: കൊച്ചി കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ജാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്‌സിനകത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഹിന്ദിയില്‍ എഴുതിയ കുറിപ്പും കണ്ടെത്തി. ശാലിനി വിജയിയുടെ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കള്‍ ജീവന്‍ ഒടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഒരാഴ്ചയായി മനീഷ് ഓഫീസിലെത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്. പ്രദേശത്ത് ദുര്‍ഗന്ധം ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാന്‍ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്. 2011 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് സഹോദരി ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്‌സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവര്‍ അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍ക്കാരുമായി ബന്ധം സൂക്ഷിക്കുന്നവരായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്മയെ കൊലപ്പെടുത്തി മനീഷും സഹോദരിയും ആത്മഹത്യ ചെയ്തിരിക്കാമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്മയുടെ മൃതദേഹത്തിന് മുകളില്‍ വെള്ളത്തുണി വിരിച്ച് പൂക്കള്‍ വെച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പില്‍ ഹിന്ദിയില്‍ ഉള്ള വരികളാണുളളത്. സഹോദരിയെ അറിയിക്കണം എന്ന് മാത്രമാമ് കുറിപ്പിലുള്ളത്. മനീഷിന്റെ ഒരു സഹോദരി വിദേശത്താണ്. അടുക്കളയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply