ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ ഭൂകമ്പം പരിഭ്രാന്തി പരത്തി. ഭൂചലനത്തിന്റെ പ്രകമ്പനം യുപി, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.പുലര്‍ച്ചെ 5:36നുണ്ടായ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹിയിലാണെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂചലന സാധ്യതയേറിയ പ്രദേശമാണ് ഡല്‍ഹി. കഴിഞ്ഞ മാസം 23ന് ചൈനയിലെ സിന്‍ജിയാങ്ങില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി – എന്‍സിആറില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. രണ്ടാഴ്ച മുന്‍പ്, അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോഴും രാജ്യതലസ്ഥാനത്ത് സമാനമായ അവസ്ഥയുണ്ടായിരുന്നു.
അതിരാവിലെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തിയതു ഭൂമിക്കടിയില്‍ നിന്നുള്ള ഉഗ്രശബ്ദം. ഒരുനിമിഷം കളയാതെ ഡല്‍ഹി നിവാസികള്‍ ഭയന്നു വീടുകളില്‍നിന്നു പുറത്തേക്കോടി. ഭൂചലനം രാജ്യതലസ്ഥാനത്തിനു പുതുമയുള്ളതല്ലെങ്കിലും പ്രകമ്പനത്തിനൊപ്പം ഭൂമിക്കടിയില്‍നിന്നുണ്ടായ വലിയ ശബ്ദമാണു ജനത്തെ പരിഭ്രാന്തരാക്കിയത്. ഭൂചലനത്തെ തുടര്‍ന്നു പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടിയിറങ്ങിയ പലരും മൊബൈല്‍ ഫോണുകളില്‍ പരസ്പരം ബന്ധപ്പെടുകയും സുരക്ഷിതരാണെന്ന സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന ഭയത്താല്‍ മണിക്കൂറുകളോളം തുറസ്സായ സ്ഥലങ്ങളില്‍ ജനം കൂട്ടമായി നിന്നു.
സംഭവത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സമാധാനമായി തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. ഒപ്പം സുരക്ഷാ മുന്‍കരുതലുകള്‍ പിന്തുടരാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവരും സുരക്ഷിതരാണെന്നു പ്രതീക്ഷിക്കുന്നതായും അടിയന്തര സേവനത്തിന് 112ല്‍ വിളിക്കാമെന്നും ഡല്‍ഹി പൊലീസ് എക്‌സില്‍ കുറിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply