ചെന്നൈ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 72-കാരിയുടെ 4.67 കോടി രൂപ തട്ടിയെടുത്ത കേസില്‍ 15 കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ചെന്നൈ അഭിരാമപുരം സ്വദേശിനിയായ റിട്ട. എന്‍ജിനീയറില്‍നിന്ന് പണം തട്ടിയെടുത്ത വിദേശസംഘത്തിന് സഹായികളായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളാണ് പിടിയിലായത്.
ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ 52.68 ലക്ഷം രൂപ പിടിച്ചെടുത്തു. ഈ പണം കോടതിയുടെ നിര്‍ദേശപ്രകാരം പരാതിക്കാരിക്ക് തിരികെ നല്‍കി.
മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്കാകുമെന്ന് അറിയിച്ചു കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പരാതിക്കാരിക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇവരുടെ പാന്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും മുംബൈയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
വ്യാജ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അടങ്ങുന്ന പാഴ്സല്‍ ഇവരുടെപേരില്‍ വന്നെന്നും പറഞ്ഞു. എത്രയും വേഗം മുംബൈയിലെത്തി പോലീസില്‍ കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, തനിക്ക് വരാന്‍ സാധിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. തുടര്‍ന്നാണ് ആര്‍.ബി.ഐ.യ്ക്ക് പരിശോധിക്കാന്‍വേണ്ടി ബാങ്ക് അക്കൗണ്ടുകളിലുള്ള മുഴുവന്‍ പണവും വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചത്. പണം നിക്ഷേപിച്ചതിനുശേഷം യാതൊരു പ്രതികരണവും ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയത്. തമിഴ്‌നാട് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം ചെന്നൈ സ്വദേശിയായ മുത്തുരാമന്‍ അറസ്റ്റിലായി. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തില്‍നിന്നാണ് വിദ്യാര്‍ഥികളെ പിടികൂടിയത്. വിദേശത്തുള്ള പ്രധാന പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ക്രിപ്റ്റോ കറന്‍സിയിലൂടെ വിദേശത്തേക്കു മാറ്റാനാണ് ഇവര്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചത്. ഇതിന് ഇവര്‍ക്ക് വലിയ തുക കമ്മിഷനായി നല്‍കിയിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply