ന്യൂഡല്‍ഹി: ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇന്ത്യയുടെ വിദേശ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനത്തിനാണ് ബി.ബി.സി. ഇന്ത്യയ്ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും ഇ.ഡി. പിഴയിട്ടത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇ.ഡി. വ്യക്തമാക്കി.
2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബി.ബി.സി. ഇന്ത്യയ്ക്ക് പിഴയിടുന്നതെന്നും ഇ.ഡി. അറിയിച്ചു. 3,44,48,850 രൂപയാണ് കൃത്യം പിഴത്തുകയെന്നും പേര് വെളിപ്പെടുത്താത്ത ഇ.ഡി. ഉദ്യോഗസ്ഥന് പറഞ്ഞു.
ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കും ഇ.ഡി. പിഴയിട്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് പിഴയിട്ടത്.
ബി.ബി.സി. ഇന്ത്യയ്ക്കെതിരെ ഫെമ നിയമപ്രകാരം 2023 ഏപ്രിലിലാണ് ഇ.ഡി. കേസെടുത്തത്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമായിരുന്നു കേസ്. ആ വര്‍ഷം ഫെബ്രുവരിയില്‍ ബി.ബി.സി. ഇന്ത്യയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരേ ഇ.ഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ പിടിച്ചെടുത്ത നികുതിരേഖകളും ലാപ്ടോപ്പുകളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ബി.ബി.സി. ഇന്ത്യയ്ക്കെതിരെരേയുള്ള ഇ.ഡിയുടെ കേസ്.
ബിബിസി ആദായനികുതി കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് അന്ന് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു ചാനല്‍ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.