ബെംഗളൂരു: സൈബര്‍ തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വയോധിക ദമ്പതിമാര്‍ ജീവനൊടുക്കി. ബെലഗാവിയിലെ ഖാനാപൂര്‍ താലൂക്കിലുള്ള ബീഡി ഗ്രാമത്തിലാണ് സംഭവം. ഡീഗോ സന്താന്‍ നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79) എന്നിവരാണ് ജീവനൊടുക്കിയത്.
വ്യാഴാഴ്ച വൈകീട്ടാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ അയല്‍ക്കാര്‍ കണ്ടെത്തിയത്. ഫ്ളാവിയ വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഡീഗോയുടെ മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഡീഗോ ജീവനൊടുക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും രണ്ടു പേജുള്ള ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു.
ഏതാനും ദിവസംമുന്‍പ് ഡല്‍ഹിയില്‍നിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാള്‍ തന്നെ ഫോണില്‍ വിളിച്ചതായി ഡീഗോ എഴുതിയതായി കരുതുന്ന കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ സിംകാര്‍ഡ് നിയമവിരുദ്ധമായ ചില പരസ്യങ്ങള്‍ക്ക് പണം അയക്കുന്നതിനും മോശം സന്ദേശങ്ങള്‍ അയക്കുന്നതിനും ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി.
തുടര്‍ന്ന് അനില്‍ യാദവ് എന്നയാളും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവര്‍ ശേഖരിച്ചു. 50 ലക്ഷത്തില്‍ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. സ്വര്‍ണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഡീഗോ. മക്കളില്ലാത്ത ദമ്പതിമാര്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇരുവരുടെയും മൃതദേഹങ്ങള്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കണമെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. നന്ദഗഢ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Discover more from MALAYALAM
Subscribe to get the latest posts sent to your email.