പേരൂർക്കട:മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയ്ക്ക് നേരെ പൊലീസിന്റെ ക്രൂരത. തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം. ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പൊലീസ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു കണ്ണീരോടെ പറയുന്നു.
കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. അത് ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല കസ്റ്റഡിയിലെടുത്ത കാര്യം പൊലീസ് വീട്ടിലറിയിച്ചുമില്ല. വീട്ടിലേക്ക് വിളിക്കണമെന്ന ആവശ്യവും പൊലീസുകാർ അനുവദിച്ചില്ലെന്നും ബിന്ദു പറയുന്നു.പിന്നീട് മാല വീണ്ടെടുക്കാൻ ബിന്ദുവുമായി പൊലീസ് വീട്ടിലേയ്ക്കെത്തിയപ്പോള്‍ മാത്രമാണ് കസ്റ്റഡിയിലാണെന്ന
കാര്യം വീട്ടുകാർ അറിയുന്നത്.എസ് ഐ പ്രസാദ്, പ്രസന്നൻ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.