തൃശൂര്‍: ഗുരുവായൂരമ്പലനടയില്‍ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭക്തരും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ സംഘര്‍ഷമാണ് പുതിയ സംഭവം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കിഴക്കേ നടയില്‍ കല്യാണ മണ്ഡപത്തിന് സമീപം രാവിലെ ഏഴോടെയാണ് സംഘര്‍ഷ സാഹചര്യമൊരുങ്ങിയത്. കൊല്ലം അഞ്ചല്‍ സ്വദേശിയും ആര്‍മി ഉദ്യോഗസ്ഥനുമായ ഭക്തനും കുടുംബവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലായിരുന്നു സംഘര്‍ഷം.

ഉദ്യോഗസ്ഥന്റെ ഇരു കൈകളും സെകൂരിറ്റി ജീവനക്കാരന്‍ പുറകിലേക്ക് പിടിച്ചിരിക്കുന്നതായി ദൃശ്യത്തിലുണ്ട്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലൂടെ വധൂവരന്മാരെ കടത്തിവിടുന്ന വഴിയിലൂടെ കയറാന്‍ ശ്രമിച്ചത് തടയുകയായിരുന്നുവെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തിന് വരി നില്‍ക്കുന്നതിനിടെ ജീവനക്കാര്‍ മോശമായി പെരുമാറുകയും ഇത് ചോദ്യം ചെയ്തതോടെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

മറ്റൊരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ദൃശ്യം പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പിടിവലിയില്‍ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടി കൊളുത്ത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പരാതി നല്‍കാതെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് കുടുംബം പറഞ്ഞു. ഹൈക്കോടതി വീഡിയോഗ്രാഫി നിരോധിച്ച സ്ഥലത്തെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിഷുക്കണി സമയത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇവിടെ വിലക്കുണ്ടായിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply