കൊച്ചി: ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തില്‍ ഗാനമേള വയ്ക്കുന്നതെന്ന് കേരള ഹൈക്കോടതിയുടെ വിമര്‍ശനം. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
ഭക്തരില്‍ നിന്ന് ശേഖരിക്കുന്ന പണം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയല്ല ചെലവാക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദൈവത്തിനായി നല്‍കുന്ന പണം ധൂര്‍ത്തടിച്ച് കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ അവിടെ വരുന്നവര്‍ക്ക് അന്നദാനം നല്‍കൂ. ഇത് ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല. ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണം. എന്തിനാണ് സ്റ്റേജില്‍ ഇത്രയും പ്രകാശ വിന്യാസമെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേര്‍ത്തു. അലോഷി ആദം പാടുന്നതിന്റെ ദൃശ്യങ്ങള്‍ ഹെക്കോടതി പരിശോധിച്ചു.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കടയ്ക്കല്‍ ദേവീക്ഷേത്രം ഉപദേശക സമിതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പ്രോഗ്രാം നോട്ടീസ് നല്‍കിയിരുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടത്താന്‍ ചീഫ് വിജിലന്‍സ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ദേവസം ബോര്‍ഡ് അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply