കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സമാന സാഹചര്യത്തില്‍ വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ടുപേരെ ഉടന്‍ വിട്ടയക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുളള ഉത്തരവില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലഹരിമരുന്ന് കേസില്‍ മലപ്പുറത്ത് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മാതാവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പൊലീസ് മക്കളെ അറസ്റ്റ് ചെയ്തതെന്നും വിട്ടയക്കണമെന്നുമായിരുന്നു ആവശ്യം. അതത് മജിസ്‌ട്രേറ്റ് കോടതികള്‍ ജാമ്യം നിഷേധിച്ചതിനാല്‍ രണ്ടുപേരും നിലവില്‍ ജയിലിലാണ്.

ഇരുവരെയും ഒരു സെക്കന്‍ഡുപോലും കസ്റ്റഡിയില്‍ വയ്ക്കരുതെന്ന് ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. രണ്ട് കേസുകളിലും കാരണങ്ങള്‍ എഴുതി നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിച്ച് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ഈ ഉത്തരവ് തടസമാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply