സൗജന്യ വൈഫൈ, പാർക്കിങ്, 24 മണിക്കൂർ ചെക്ക്-ഇൻ, ലഗേജ് സ്റ്റോറേജ്, ഒരു ക്വീൻ ബെഡ് അല്ലെങ്കിൽ രണ്ട് സിംഗിൾ ബെഡുകൾ… ഈ സൗകര്യങ്ങളെല്ലാമുള്ള ഹോട്ടൽ മുറിക്ക് വാടകയോ വെറും 159.02 രൂപ. അതും വിയറ്റ്നാമിൽ. ചെറുതായൊന്ന് ഞെട്ടിയോ? സംഭവം സത്യമാണ്. യാത്രികനായ ഒരു ഇന്ത്യൻ യുവാവാണ് വിയറ്റ്നാമിലെ തന്റെ ‘ബഡ്ജറ്റ് ഹോട്ടൽ ബുക്കിങ്’ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എക്സിൽ പോസ്റ്റ് ചെയ്ത ഹോട്ടൽ ബില്ലിന്റെ സ്ക്രീൻഷോട്ടുകൾ ഉപയോക്താക്കളിൽ ഞെട്ടലുണ്ടാക്കി.

‘ഫൂ കോക്കിലെ ലീഫ് ഹോട്ടലിലാണ് മുറിയെടുത്തത്. ഇവിടെ പരമാവധി രണ്ട് മുതിർന്നവർക്ക് താമസിക്കാം. മുറിക്ക് 18 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. വിലയുടെ വിശദാംശങ്ങളിലായിരുന്നു യഥാർഥ അമ്പരപ്പ്. ഒരു രാത്രിയിലെ യഥാർഥ വില 578.24 രൂപയായിരുന്നു. എന്നാൽ 75 ശതമാനം കിഴിവിന് ശേഷം ചെലവ് 144.56 രൂപയായി കുറഞ്ഞു. നികുതികളും മറ്റ് ഫീസുകളും 14.46 രൂപ മാത്രമായിരുന്നു. ഇതോടെ അവസാന വില 159.02 രൂപയായി’, അദ്ദേഹം എക്സിൽ കുറിച്ചു.

പെട്ടെന്നുതന്നെ പോസ്റ്റ് ശ്രദ്ധനേടി. കുറഞ്ഞ നിരക്കിൽ ഉപയോക്താക്കൾ അത്ഭുതം പ്രകടിപ്പിച്ചു. പലരും യാത്രക്കാരന്റെ ഭാഗ്യത്തേയും സമയത്തെയും പ്രശംസിച്ചു. ‘ഈ തുകയ്ക്ക് ഒരു കോഫിപോലും കിട്ടില്ല’ എന്നായിരുന്നു ഒരു കമന്റ്. എന്നാൽ വിലക്കുറവിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മറ്റു ചിലർ.

ഫു കോക്കിൽ ധാരാളം ഹോട്ടലുകളുണ്ടെന്നും അതിനാലുള്ള മത്സരമാണിതെന്നും ഒരാൾ കുറിച്ചു. മാനേജ്മെന്റിന്റെ ഭാ​ഗത്തുനിന്നുണ്ടായ പിഴവോ അതോ മറ്റ് ഹോട്ടലുകളുമായുള്ള ഈഗോ പ്രശ്നങ്ങളോ ആവാം കാരണമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply