സര്‍വ്വീസ് ലിഫ്റ്റ് ഉപയോഗിക്കാതെ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചതിനും ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടതിനും വീട്ടു ജോലിക്കാര്‍ക്ക് ഗുരുഗ്രാം ഹൌസിംഗ് സൊസൈറ്റി പിഴ ചുമത്തിയതായി പരാതി. ഇത് സംബന്ധിച്ച് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഹൌസിംഗ് സൊസൈറ്റിയുടെ നോട്ടീസ് പങ്കുവച്ച് കൊണ്ട് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘വീട്ട് ജോലിക്കാരും ഡെലിവറി സ്റ്റാഫും സര്‍വ്വീസ് ലിഫ്റ്റ് മാത്രമേ ഉപയോഗിക്കാവൂ’വെന്ന് നിര്‍ദ്ദേശിക്കുന്ന ഹൌസിംഗ് സൊസൈറ്റി, പതിച്ച പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ഇത് മനുഷ്യരെ രണ്ട് തട്ടായി തിരിക്കുന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതി.
കുറിപ്പിനൊപ്പം പങ്കുവച്ച മറ്റ് ചിത്രങ്ങളില്‍, ഹൌസിംഗ് സൊസൈറ്റിയുടെ നിയമം തെറ്റിച്ച വീട്ടുജോലിക്കാരില്‍ നിന്നും ഈടാക്കിയ പിഴ തുകയുടെ റെസീപ്റ്റിന്റെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമങ്ങള്‍ പാലിക്കാത്തെ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചതിന് കാജല്‍, മഞ്ജു എന്നീ വീട്ടു ജോലിക്കാരിയില്‍ നിന്നും 100 രൂപ വീതം പിഴ ഈടാക്കിയെന്ന് റെസീപ്റ്റില്‍ നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഗുരുഗ്രാമില്‍ സാധാരണമാണോ എന്ന് ചോദിച്ച് കൊണ്ടാണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. ഒപ്പം താനിവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും പക്ഷേ, ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നെന്നും ഇവിടെ സാധാരണമാണോയെന്നും കുറിപ്പില്‍ ചോദിക്കുന്നു.
ചിത്രങ്ങളും കുറിപ്പും സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കിയെന്ന് അവരുടെ പ്രതികരണങ്ങളില്‍ വ്യക്തം. പലരും മനുഷ്യരെ രണ്ട് തരമായി തിരിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്ക്കരണം ആവശ്യമാണെന്ന് ചിലരെഴുതി. ‘ഗുഡ്ഗാവ് മാത്രമായി പരിഗണിക്കാതെ മിക്ക സൊസൈറ്റികളിലും ഈ അറിയിപ്പ് ലഭ്യമാണ്, പക്ഷേ, ഞാന്‍ ആദ്യമായിട്ടാണ് പിഴ കാണുന്നതെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. നാല്‍പ്പത് ശതമാനം സൊസൈറ്റികളും ഇത്തരം മുന്നറിയിപ്പുകള്‍ കാണാമെന്നും എന്നാല്‍ ഇത്രയും ശക്തമായി നടപ്പാക്കിയത് ആദ്യമായി കാണുകയാണെന്നും മറ്റൊരു കാഴ്ചക്കാരനും എഴുതി. അതേസമയം മുംബൈയില്‍ 19 നിലയുള്ള ഒരു കെട്ടിടത്തിലെ നാല് ലിഫ്റ്റുകളില്‍ ഒന്ന് ഡെലിവറിക്കാര്‍ക്കും മറ്റ് ജോലിക്കാര്‍ക്കുമായി മാറ്റിവച്ചിരിക്കുകയാണെന്നും ഇതിനാല്‍ താമസക്കാരുടെ യാത്രകള്‍ക്ക് തടസം നേരിടുന്നില്ലെന്നും മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply