ന്യൂഡൽഹി: കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയതായി കമ്മഡോർ രഘു ആർ. നായർ. ഇന്ത്യൻ സൈന്യത്തിനോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താന് കനത്ത നാശങ്ങൾ സംഭവിച്ചതായും പാകിസ്താൻ ഇന്ത്യക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയതായും ഇന്ത്യ വ്യക്തമാക്കി. പാകിസ്താൻ തങ്ങളുടെ ജെഎഫ് 17 ഉപയോഗിച്ച് ഇന്ത്യയുടെ എസ് 400, ബ്രഹ്മോസ് മിസൈൽ ബേസ് എന്നിവ തകർത്തുവെന്ന അവകാശവാദം തെറ്റാണെന്ന് കമ്മഡോർ രഘു ആർ നായർ, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വ്യക്തമാക്കി. ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു പ്രതികരണം.

സിർസ, ജമ്മു, പത്താൻകോട്ട്, ഭട്ടിൻഡ, നാലിയ വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന വാദവും ഇന്ത്യ തള്ളി. ഇന്ത്യൻ സൈന്യം പള്ളികൾ നശിപ്പിച്ചതായി പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും നമ്മുടെ സൈന്യം ഇന്ത്യയുടെ ഭരണഘടനാ മൂല്യത്തിന്റെ പ്രതിഫലനമാണെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അഴിച്ചുവിട്ട ഭീകരവാദവാദ ക്യാമ്പുകളെ മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഇന്ത്യൻ സായുധ സേന മതകേന്ദ്രങ്ങളെ ലക്ഷ്യം വച്ചിട്ടില്ലെന്നും വിങ് കമാൻഡർ വ്യോമിക സിങ് വ്യക്തമാക്കി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply