ഇന്ത്യയിലെ ഭക്ഷണ വിഭവങ്ങളെ പ്രശംസിച്ച് അടുത്തിടെ ഇന്ത്യയിലേക്ക് താമസം മാറിയ വിദേശ ദമ്പതികൾ. ഇന്ത്യയിൽ ഒന്നും കഴിക്കാൻ പറ്റാത്തതായി ഇല്ല എന്നാണ് വിദേശ ദമ്പതികളായ ഗുരുവും ലിയയും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നത്. വിദേശരാജ്യങ്ങളിൽ പഴുത്താൽ മാത്രം ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങൾ പോലും ഇന്ത്യയിൽ പച്ചയ്ക്ക് ഉപയോഗിച്ച് അതിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട് എന്നാണ് ഈ ദമ്പതികൾ പറയുന്നത്.
സർഗാത്മകമായ ഭക്ഷണരീതി എന്നാണ് ഗുരു ഇന്ത്യൻ ഭക്ഷ്യവസ്തുക്കളെയും ഭക്ഷണങ്ങളെയും വിശേഷിപ്പിച്ചത്. പഴുക്കാത്തതും പുളിയുള്ളതുമായ പച്ചമാങ്ങ അച്ചാറായി ആസ്വദിക്കുന്നതും പാകമാകാത്ത ചക്ക കറി വെക്കുന്നതും എന്തിനേറെ പറയുന്നു പൂക്കളെ പോലും രുചികരമായ പക്കോഡകളാക്കി മാറ്റുന്നതും ഇന്ത്യൻ പാചകത്തിലെ സർഗാത്മകതയാണെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യൻ ഫോളോവേഴ്സിൽ നിന്ന് വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ഇൻസ്റ്റഗ്രാമിൽ ലഭിച്ചത്. പോസ്റ്റിനു താഴെ ഒരാൾ കുറിച്ചത് ഒരു ഇന്ത്യക്കാരൻ ആയിരുന്നിട്ടും ഇത്രയും സാധനങ്ങൾ ഒരു ദിവസം ഞാൻ പച്ചയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായില്ലെന്നും അത് അറിയാതെ തന്നെ പതിവായി ചെയ്യുകയാണെന്നും ആയിരുന്നു. അതേസമയം തന്നെ മറ്റു ചിലർ കുറിച്ചത് ഇന്ത്യൻ ഭക്ഷണരീതി എന്ന് പറഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങളെ സാമാന്യവൽക്കരിക്കരുതെന്നും ഇന്ത്യയിൽ ഓരോ നാട്ടിലും അവരവരുടേതായ ഭക്ഷണരീതികളും ഉണ്ടെന്നുമാണ്.
ഇതിനോടകം തന്നെ പോസ്റ്റ് നിരവധി ആളുകളുടെ ശ്രദ്ധാകർഷിക്കുകയും നിരവധിപ്പേർ ദമ്പതികളുടെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു. ഇന്ത്യയുടെ സംസ്കാരത്തിൻറെ ഭാഗമാണ് ഭക്ഷണമെന്നും അത് കൂടുതൽ കാലം ഇന്ത്യയിൽ നിൽക്കുമ്പോൾ മനസ്സിലാകുമെന്നും അഭിപ്രായപ്പെട്ടവർ നിരവധിയാണ്. ഏതായാലും പോസ്റ്റ് വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.