ശ്രദ്ധ നേടി ചൈനയിലെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള ക്ഷേത്രം. പേഴ്സണൽ ആയാലും പ്രൊഫഷണൽ ആയാലും ജീവിതത്തിൽ ബുദ്ധിമുട്ട് നേരിടുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ക്ഷേത്രത്തിന്റെ സമീപനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകളിലെ ആങ്സൈറ്റി, മാനിസികാരോഗ്യ പ്രശ്നങ്ങൾ ഇവയ്ക്കൊക്കെ ആശ്വാസം നൽകുന്ന രീതിയിലാണത്രെ ഇത് പ്രവർത്തിക്കുന്നത്. ജോലിക്കാർക്കും വീട്ടമ്മമാർക്കും ഇത് ആശ്വാസമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലാണ് ടിയാൻസിയൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അടുത്തിടെ ഇവിടെ സന്യാസിനിമാരെയും മുഴുവൻ വനിതാ വളണ്ടിയർമാരെയും നിയമിച്ചുകൊണ്ട് ഈ ക്ഷേത്രം ശ്രദ്ധ നേടിയിരുന്നു. അതുപോലെ സൗജന്യമായി താമസവും ഭക്ഷണവും ക്ഷേത്രം വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.
കോർപറേറ്റ് ജോലി ചെയ്യുന്ന, അതിന്റെ സമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾ, തനിച്ച് കുട്ടികളെ നോക്കേണ്ടി വരുന്ന അമ്മമാർ ഇവരെയൊക്കെയും ക്ഷേത്രം സ്വാഗതം ചെയ്യുന്നു.
അതുപോലെ സൗജന്യമായി സെൻ റിട്രീറ്റുകളും ഇവിടെ നടക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന റിട്രീറ്റിൽ സ്ത്രീകൾക്ക് തങ്ങളുടെ ദിവസേനയുള്ള സമ്മർദ്ദങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നുമെല്ലാം മാറി ശാന്തമായി ഇരിക്കാനും സമാധാനം കണ്ടെത്താനുമാണ് സഹായിക്കുന്നത്.
അതുപോലെ ലിംഗവിവേചനങ്ങളോ, ആർത്തവസമയത്തെ മാറ്റിനിർത്തലുകളോ ഒന്നും ഇവിടെ ഇല്ല. നടക്കാൻ പോവുക, വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെയും റിട്രീറ്റിൽ ഉൾപ്പെടുന്നു. വേണമെങ്കിൽ എല്ലാവർക്കും കൂടി ഒരുമിച്ചിരുന്ന് ഒരു ഫെമിനിസ്റ്റ് സിനിമ വരേയും കാണാം.
ചൈനയിൽ മിക്ക ക്ഷേത്രങ്ങളിലും പുരുഷ സന്യാസിമാരാണ് ഉള്ളത്. മാത്രമല്ല, സ്ത്രീകൾക്ക് കർശന വിലക്കുകളും ഉണ്ട്. മിക്കവാറും ക്ഷേത്രങ്ങളിൽ പ്രാർത്ഥനാ മുറികളിലേക്ക് ആർത്തവ സമയത്ത് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അപ്പോഴാണ് ഈ ക്ഷേത്രം വ്യത്യസ്തമാവുന്നത്. ഇവിടെ അവർക്ക് യാതൊരു വിലക്കുകളും ഇല്ല.
Discover more from MALAYALAM
Subscribe to get the latest posts sent to your email.