ജറുസലം: ബന്ദികളെ ശനിയാഴ്ച വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇസ്രയേല്‍ ആക്രമണം നടത്തുന്നതായി ആരോപിച്ച് ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവച്ചതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ബന്ദികളെയെല്ലാം വിട്ടയക്കണമെന്നാണോ ശനിയാഴ്ച വിട്ടയക്കാമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്ന മൂന്നു ബന്ദികളുടെ കാര്യമാണോ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതെന്ന് വ്യക്തമല്ല.
അതേസമയം, ഇസ്രയേലുമായി വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്നത് ഇസ്രയേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു. ജനുവരി 19ന് വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വന്നതു മുതല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചു തുടങ്ങിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണ ഇസ്രയേല്‍ ലംഘിക്കുന്നതായി കാട്ടി ബന്ദികളെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടയക്കില്ലെന്ന് തിങ്കളാഴ്ച ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു.
ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ ശനിയാഴ്ച വരെ സമയം നല്‍കുമെന്നും അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തലിനു ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേല്‍ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കരുതെന്ന തന്റെ രാജ്യത്തിന്റെ നിലപാട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടികാഴ്ചയില്‍ അറിയിച്ചെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു. ‘ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമാധാനം പുനഃസ്ഥാപിക്കുകയാണ് മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ആവശ്യം. അതിന് യുഎസിന്റെ നേതൃത്വം ആവശ്യമാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമാധാനകാംഷിയാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. അത് നിലനിര്‍ത്തുന്നു എന്ന് ഉറപ്പാക്കാന്‍ യുഎസിനെയും എല്ലാ പങ്കാളികളെയും ഞങ്ങള്‍ ഉറ്റുനോക്കുന്നു,’ അബ്ദുല്ല രണ്ടാമന്‍ രാജാവ് പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply