ടെല്‍ അവീവ്: അമിത ആത്മവിശ്വാസം അപകടമുണ്ടാക്കിയെന്ന് ഇസ്രയേല്‍ വിലയിരുത്തല്‍. ഹമാസ് സായുധസംഘം 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണം തടയുന്നതില്‍ തങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം. ആക്രമണത്തെ കുറിച്ചുള്ള സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹമാസിന്റെ ശേഷി മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലെന്നും വ്യാഴാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ സൈന്യം പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
‘ഞങ്ങള്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു. മേഖലയിലെ ശക്തമായ സൈന്യമായിട്ടുപോലും ഹമാസിനെ വിലയിരുത്തുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അതിന്റെ ശേഷിയെ വിലകുറച്ച് കണ്ടു. ഇത്തരമൊരു അപ്രതീക്ഷിത ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ സൈന്യം ഒട്ടും സജ്ജരായിരുന്നില്ല. ഐ.ഡി.എഫ്. എവിടെ എന്ന് ഉള്ളില്‍തട്ടി ചോദിച്ചുകൊണ്ടാണ് അന്ന് നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.’ -ഇസ്രയേല്‍ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഗാസ ഭരിക്കാനാണ് ഹമാസിന് കൂടുതല്‍ താത്പര്യമെന്നതായിരുന്നു ഹമാസിനെ കുറിച്ചുള്ള തങ്ങളുടെ പ്രധാന തെറ്റിദ്ധാരണയെന്നും സൈന്യം പറയുന്നു. ഹമാസിന്റെ ശേഷി തെറ്റായാണ് ഐ.ഡി.എഫ്. മനസിലാക്കിയത്. പരമാവധി എട്ട് അതിര്‍ത്തി പോയിന്റുകളില്‍ മാത്രമേ ആക്രമണം നടത്താന്‍ കഴിയൂ എന്നാണ് ഇസ്രയേല്‍ സൈന്യം കരുതിയിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താനായുള്ള 60-ലേറെ മാര്‍ഗങ്ങള്‍ ഹമാസിനുണ്ടായിരുന്നു.
ഒക്ടോബര്‍ ഏഴിന് മുമ്പ് മൂന്ന് തവണ ആക്രമണത്തിന്റെ വക്കോളമെത്തിയ ശേഷം ഏതോ കാരണങ്ങളാല്‍ ഹമാസ് അത് മാറ്റിവെക്കുകയായിരുന്നുവെന്നാണ് ആക്രമണത്തിന് ശേഷം ഇന്റലിജന്‍സ് വിലയിരുത്തിയത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അവിടെ എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.