ദില്ലി: വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തില്‍ പറയുന്നത്. നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഹൂതി നേതാവ് അബ്ദുല്‍ സലാമുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച ചെയ്തത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചര്‍ച്ചയായെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയാണ് ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുന്‍പ് അറിയിച്ചിരുന്നു. യെമനിലെ കൂടുതല്‍ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചര്‍ച്ചകള്‍ക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ അമ്മ നിലവില്‍ യമനില്‍ തങ്ങുകയാണ്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് പറഞ്ഞിരുന്നു. ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി. ചര്‍ച്ചയ്ക്ക് പവര്‍ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകന്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷന്‍ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച ബ്ലഡ് മണി യെമനില്‍ എത്തിക്കാനും സഹായം നല്‍കി. എന്നാല്‍ മോചനം സാധ്യമാക്കാന്‍ രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ച വിജയിക്കേണ്ടതുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply