തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കുമാണ് മദ്യം വിൽക്കാവുന്നത്.
ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ. വാർഷിക ലൈസൻസ് ഫീ 10 ലക്ഷം രൂപയാണ്. ലൈസൻസ് ലഭിക്കുന്ന കമ്പനികൾ എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളൂ. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തനസമയവും നിശ്ചയിച്ചിട്ടുണ്ട്.
ഒട്ടനവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഒരു ലൈസൻസ് മാത്രമേ നൽകൂ. കമ്പനികളോട് ചേർന്ന് തന്നെയാകും മദ്യശാലകൾ. പക്ഷെ ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഐടി പാർക്കുകളിലെ കമ്പനികളിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന സന്ദർശകർക്കുമാണ് ഈ മദ്യശാലകളിൽ നിന്ന് മദ്യം ലഭിക്കുക.
പുറത്തുനിന്നുള്ള ആർക്കും മദ്യം വിൽക്കരുതെന്നതാണ് ചട്ടം. ഗുണമേന്മയില്ലാത്ത മദ്യം വിൽക്കരുതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുക്കാമെന്നും പിഴയീടാക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.