തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജയിൻ ദില്ലിയിലെത്തി. ഇന്നു തന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു. മൂന്നു മാസം മുമ്പ് യുദ്ധമുഖത്ത് മുഖത്ത് പരിക്കേറ്റ് ജയിന് ചികിത്സയിലായിരുന്നു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാൻ നീക്കം ഉണ്ടായിരുന്നു. ഇതു വാർത്തയായതിന് പിന്നെയാണ് ജയിന്റെ മോചനം സാധ്യമായത്.
മോചനം സാധ്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന് ജയിന്റെ അമ്മ ജസി പറഞ്ഞു. പുലർച്ചെ അഞ്ചരയോടെ ദില്ലിയിൽ എത്തിയെന്ന് വിളിച്ചറിയിച്ചു. 11.30യോടെ നെടുമ്പാശ്ശേരിയിൽ എത്തും. ജയിൻ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം പോയ ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാത്തതിൽ ദുഃഖമുണ്ടെന്ന് ജയിന്റെ അമ്മ പറഞ്ഞു. ബിനിലും ജയിനും ഒരുമിച്ചാണ് റഷ്യയിലേക്ക് പോയത്.
തൊഴില്‍ തട്ടിപ്പിനിരകളാണ് ബിനിലും ജയിനും. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. അവിടെയുള്ള മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിൽ അകപ്പെടുത്തിയത്.
ജനുവരിലുണ്ടായ ആക്രമണത്തിൽ ജെയിനിന് ഒപ്പം ഉണ്ടായിരുന്ന ബന്ധു ബിനിൽ കൊല്ലപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തിലാണ് ബിനില്‍ കൊല്ലപ്പെട്ടത്. രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്റെ മൃതദേഹം കണ്ടെന്ന് ജെയിനാണ് ബിനിലിന്റെ കുടുംബത്തെ അറിയിച്ചത്. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജെയിനും പരിക്കേറ്റു. തുടർന്ന് ചികിത്സയിലായിരുന്നു ജയിൻ. റഷ്യൻ ആർമിയായുള്ള ഒരു വർഷത്തെ കോൺട്രാക്ട് ഏപ്രിൽ 14ന് അവസാനിച്ചു. തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യത ഉണ്ടെന്ന് ജെയിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെ നീണ്ട കാത്തിരിപ്പിനും മോചനത്തിനായുള്ള സമ്മർദങ്ങൾക്കും ഒടുവിൽ ജയിൻ നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.