ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി വിവരം. ജമ്മു കശ്മീർ പോലീസിനെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണസംഖ്യ 20-ല്‍ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സമീപ വര്‍ഷങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തേക്കാള്‍ വളരെ വലുതാണ് പഹല്‍ഗാമിലുണ്ടായതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഒരു കർണാടക സ്വദേശിയും ഉൾപ്പെടുന്നതായി വിവരം. ശിവമോഗ്ഗ സ്വദേശി മഞ്ജുനാഥ റാവു ആണ് മരിച്ചത്. ഭാര്യ പല്ലവിയും കുടുംബവും സുരക്ഷിതരാണെന്ന് വിവരം കിട്ടിയതായി സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് നിന്ന് ഉടൻ ഉദ്യോഗസ്ഥ സംഘത്തെ അയക്കും. ഭീകരാക്രമണത്തിൽ തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. 

കർണാടകയിൽ നിന്നുള്ള അഭിജാവൻ റാവു എന്നയാൾക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്. അതേസമയം, വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാർ സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരാണ് കശ്മീരിൽ ഉള്ളത്. ടൂറിസ്റ്റുകൾ ആയി കർണാടകയിൽ നിന്ന് 12 പേർ ഉണ്ടായിരുന്നു. ഒരേ സംഘത്തിൽ ഉള്ളവർ അല്ല ഇവരെന്നാണ് റിപ്പോർട്ട്. കുടുംബമായിട്ടാണ് കൊല്ലപ്പെട്ട മഞ്ജുനാഥ റാവു എത്തിയത്. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ എത്തിയത്. നാല് ദിവസം മുൻപാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ആണ് മഞ്ജുനാഥ റാവു. അതേസമയം, ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായാണ് പുതിയ വിവരം. 13 പേർക്ക് പരിക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. അമിത് ഷാ ശ്രീനഗറിൽ രാത്രിയോടെ എത്തും. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഹൃദയഭേദകമായ സംഭവം എന്ന് പ്രതികരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകര വാദത്തിന് എതിരെ എല്ലാവരും ഒന്നിക്കണം എന്ന് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ എല്ലാം സാധാരണപോലെയാണെന്ന അവകാശ വാദമല്ല വേണ്ടത്. കേന്ദ്ര സർക്കാർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply