ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിധിയെ കുറിച്ച് തർക്കങ്ങൾ തുടരുന്നതിനിടെ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച്
ആണ് ഹർജികൾ പരിഗണിക്കുന്നത്. ഹർജിയിൽ നേരത്തെ ​ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്‌ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് കേരളത്തിന്‍റെ വാദം. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാരും ടി പി രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജി നൽകിയത്. 

അതേസമയം, രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിൽ നിയമ യുദ്ധത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പുനപരിശോധന ഹര്‍ജി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹർജി നൽകാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്‍റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ചിന് മുൻപാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നൽകുക.ഗവർണർമാർ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതിനെതിരെ കർശന താക്കീതാണ് ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് നൽകിയത്. ഗവർണർമാർക്ക് മുന്നിലെത്തുന്ന ബില്ലുകളിൽ ഒരു മാസം മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

സർക്കാരിയ കമ്മീഷനിലും പൂഞ്ചി കമ്മീഷനിലും സമയപരിധിക്ക് നിർദ്ദേശമുണ്ടെന്ന് സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടുന്നു. തന്‍റെ പരിഗണനയ്ക്ക് വരുന്ന ബില്ലുകൾ ഒന്നുകിൽ അംഗീകരിക്കാനോ അല്ലെങ്കിൽ അംഗീകാരം നല്കുന്നില്ലെന്ന് വ്യക്തമായ കാരണങ്ങളോടെ സംസ്ഥാനങ്ങളെ അറിയിക്കാനോ മൂന്നു മാസത്തെ സമയപരിധി രാഷ്ട്രപതിക്കും ഉത്തരവ് മുന്നോട്ടു വയ്ക്കുന്നു. പല സംസ്ഥാനങ്ങളിലെയും ബില്ലുകളെ കോടതി വിധി ബാധിക്കുമെന്നിരിക്കെയാണ് കേന്ദ്രം തുടർനിയമനടപടിക്ക് നീങ്ങുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply