പ്രയാഗ് രാജ്: മാഘപൂര്‍ണിമദിനമായ ഇന്നലെ മഹാകുംഭമേളയില്‍ 1.6 കോടിയോളം പേര്‍ പുണ്യസ്‌നാനം നിര്‍വഹിച്ചു. ഒരുമാസം നീണ്ട ‘കല്‍പവാസ്’ തീര്‍ഥാടനത്തിന് സമാപനം കുറിച്ചതോടെ 10 ലക്ഷത്തോളം തീര്‍ഥാടകര്‍ ത്രിവേണീസംഗമതീരത്തുനിന്നു മടങ്ങിത്തുടങ്ങി. ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 വരെ 1.59 കോടി തീര്‍ഥാടകര്‍ സ്‌നാനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയും ഭാര്യയും ഇന്നലെ എത്തിയവരില്‍ പെടുന്നു. ലക്‌നൗവിലെ ഔദ്യോഗിക വസതിയിലിരുന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുലര്‍ച്ചെ മുതല്‍ സജ്ജീകരണങ്ങള്‍ നിരീക്ഷിച്ചു. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ‘ഓപ്പറേഷന്‍ ചതുര്‍ഭുജ്’ എന്ന പദ്ധതിയും ഇന്നലെ നടപ്പാക്കി. ഈ മാസം 26ന് മഹാശിവരാത്രിയോടനുബന്ധിച്ചു നടക്കുന്ന അമൃതസ്‌നാനത്തോടെ 45 നാള്‍ നീളുന്ന മഹാകുംഭമേള സമാപിക്കും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.