മധുര: എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകും. ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പില്‍ക്കാലത്ത് സംഘടനാ-പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാര്‍ട്ടിയുടെ ബൗദ്ധിക-ദാര്‍ശനിക മുഖങ്ങളിലൊന്നാണ്. 1954-ല്‍ കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിലൂടെ ആയിരുന്നു ബേബിയുടെ രാഷ്ട്രീയപ്രവേശനം. 1975-ല്‍ എസ്എഫ്‌ഐയുടെ കേരളാഘടകം പ്രസിഡന്റായി. 1977-ല്‍ കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1984-ല്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നിര്‍ണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1983-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് മൂന്നുകൊല്ലത്തിനിപ്പുറം 1987-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം.

1986-ലും 1992-ലും രാജ്യസഭാംഗമായിരുന്നു. 2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ (2006-11) വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 2014-ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.

ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെതിരേ ബംഗാള്‍ഘടകം എതിര്‍പ്പുന്നയിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍, ബേബിയുടെ എതിര്‍പക്ഷം പരിഗണിച്ചിരുന്ന കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെയുടെ നിലപാട് പിബി യോഗത്തില്‍ വഴിത്തിരിവാകുകയായിരുന്നു. ബംഗാളില്‍നിന്നുള്ള മുഹമ്മദ് സലീമിനെ ധാവ്ളെ നിര്‍ദേശിച്ചു. എന്നാല്‍, താനില്ലെന്ന് സലീം വ്യക്തമാക്കി. ഇതോടെ, തര്‍ക്കം വേറൊരു വഴിക്കായി. ഒടുവില്‍, ഭൂരിപക്ഷാഭിപ്രായം മാനിച്ച് ബേബിയെ നിര്‍ദേശിക്കാന്‍ പിബി തീരുമാനിക്കുകയായിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply