തിരുവനന്തപുരം: പുലിപ്പല്ല് കൈവശംവെച്ചെന്ന കുറ്റത്തിന് റാപ്പര്‍ വേടനെതിരേ (ഹിരണ്‍ദാസ് മുരളി) ധൃതിപ്പെട്ട് കേസെടുത്തതും അറസ്റ്റ് ചെയ്തതും എന്തിനായിരുന്നുവെന്ന് പരിശോധിക്കപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കണമെന്നും ആ ചെറുപ്പക്കാരനോട് സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

”വേടനെതിരേ ധൃതിപ്പെട്ട് കേസെടുത്തത് എന്തിനാണെന്ന് പരിശോധിക്കപ്പെടണം. ഞങ്ങള്‍ക്കതില്‍ യാതൊരു തര്‍ക്കവുമില്ല. വേടനെപ്പോലെയുള്ള പ്രശസ്തനായ ഒരു ഗായകന്‍, പ്രത്യേകരീതിയില്‍ കേരളത്തിലെ ജനങ്ങളെ മുഴുവന്‍ സ്വാധീനിച്ച ഒരു ചെറുപ്പക്കാരന്‍. ആ ചെറുപ്പക്കാരന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്യങ്ങള്‍ കൈകാര്യംചെയ്തുവരുമ്പോള്‍ ലഹരിയും അതുപോലെയുള്ള കാര്യങ്ങളും ശരിയല്ല കുട്ടികളെ എന്ന് അദ്ദേഹം തന്നെ പറയാറുണ്ട്. പരിപാടിയുടെ ഭാഗമായിട്ട് തന്നെ അങ്ങനെ പറയാറുണ്ട്. ഇപ്പോഴും പറഞ്ഞു. എനിക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അതാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ചെയ്ത ഏറ്റവും സവിശേഷമായ നിലപാട്.

ലഹരി ചെറിയ അളവ് മാത്രമാണുണ്ടായിരുന്നത്. എട്ട് ഒമ്പത് ആളും ഉണ്ടായിരുന്നു. എങ്കില്‍പ്പോലും അത് തെറ്റായിരുന്നു. ആ തെറ്റിന് കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ശരി. അതിനപ്പുറം കടന്നുവന്ന നിലപാടുകളെ ഗൗരവപൂര്‍വം പരിശോധിക്കണം.

പ്രത്യേകരീതിയിലാണ് അദ്ദേഹത്തിന്റെ എഴുത്തും സംഗീതവും ആലാപനവും. ആ ചെറുപ്പക്കാരനെ തെറ്റുതിരുത്തി ഈ സമൂഹത്തിന് മുന്നില്‍ ഏറ്റവും അംഗീകാരമുള്ള ഒരു ഗായകന്‍ എന്നരീതിയില്‍ കൊണ്ടുവരണം. വലിയരീതിയില്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന പരിപാടിയാണ്. ആ പരിപാടിയുമായി അദ്ദേഹത്തിന് മുന്നോട്ടുവരാന്‍ ഇനിയും സാധിക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്. മാത്രമല്ല, അദ്ദേഹം തെറ്റ് തിരുത്താനുള്ള വഴിയായി ഇതിനെ ഉപയോഗിക്കുകയുംചെയ്തു എന്നുള്ളത് വളരെ പ്രധാനപ്പെട്ടകാര്യമാണ്.

പിന്നെ പുലിയും പുലിനഖവും പല്ലുമെല്ലാം എനിക്കൊരാള്‍ തന്നതാണ്, അത് ഉപയോഗിച്ചു എന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. ഉപയോഗിക്കുമ്പോള്‍ ഇത്രത്തോളം അപകടകരമാണ് എന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹംതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിന്റെമേലെ ഇതുപോലെ വലിയരീതിയിലുള്ള കേസും മറ്റും വേണ്ടതുണ്ടോ എന്ന് കോടതി പറയുന്നതുപോലെ പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കട്ടെ.

പക്ഷേ, ആ നിലപാട് സ്വീകരിക്കാന്‍ പാടില്ല. ആ ചെറുപ്പക്കാരനോട് സ്വീകരിക്കേണ്ട നിലപാട് അതല്ല. വനംവകുപ്പ് മന്ത്രി തന്നെ വേടന്റെ ഒപ്പമാണെന്ന് പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട്. ആദ്യത്തെത് ശരിയായിരുന്നു. കഞ്ചാവ് ഉപയോഗിച്ചെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അതിന് കേസെടുത്തു. ജാമ്യംകിട്ടി. അപ്പോഴാണ് ഈ മാല കാണുന്നത്. മാല കണ്ടതിന് ശേഷം അതിനെ പുതിയതലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച നിലപാടാണ് യഥാര്‍ഥത്തില്‍ വിമര്‍ശനാത്മകമായരീതിയില്‍ കണ്ടത്. അത് വിമര്‍ശിക്കേണ്ടത് തന്നെയാണ്”, എം.വി. ഗോവിന്ദന്‍ പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply