തിരുവനന്തപുരം: എക്സാലോജിക് കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്‌സാലോജികിനെ വലിച്ചിഴക്കുന്നത് എന്തിനെന്ന് സൂക്ഷ്മ പരിശോധന നടത്തിയാൽ പിണറായി വിജയന്റെ പേരിലേക്ക് എത്തും. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള കരാർ തുകയാണ് കൈമാറിയിട്ടുള്ളത്. സാമ്പത്തിക ഇടപാട് സുതാര്യമാണ്. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വീണയെ വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കേസ് രൂപപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്. രാഷ്ട്രീയമായ കാഴ്ചപ്പാടോടുകൂടി തന്നെ ഉണ്ടാക്കിയതാണ് കേസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്തും ഇതേ സാഹചര്യമായിരുന്നു. കേന്ദ്ര ഏജൻസികൾ പലപ്പോഴും എടുക്കുന്ന നിലപാടുകൾ ഏകപക്ഷീയമായി സർക്കാരിനും ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തിനും എതിരെയുള്ളതാണ്. എന്താണ് അവരുടെ ലക്ഷ്യമെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ ഉന്നയിച്ച കാര്യങ്ങൾ എങ്ങനെയാണോ ഇല്ലാതായത് അതുപോലെ ഇപ്പോഴത്തെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള ആരോപണവും ആവിയായി തീരും. അതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. കേരളത്തിൻറെ മുഖ്യമന്ത്രിയെ തകർക്കുന്നതിന് വേണ്ടി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയാണ് നീക്കം. ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് സാധിക്കും. തെറ്റായ പ്രചാരവേലയും കള്ള പ്രചാരണവും  നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

ക്രൂഡോയിൽ വില കുറയുമ്പോഴും പാചകവാതകത്തിന്റെ വില കേന്ദ്രം വർദ്ധിപ്പിച്ചു. ജനജീവിതം ദുസഹം ആക്കുന്ന നിലപാടുകൾ സ്വീകരിച്ചാണ് കേന്ദ്രസർക്കാർ പ്രതിദിനം മുന്നോട്ടുപോകുന്നത്. ഇത് പ്രതിഷേധാർഹമാണ്. സ്ത്രീകൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി കേരളത്തിൽ രംഗത്തിറങ്ങി കഴിഞ്ഞു. ഗവർണറുടെ അധികാരം സംബന്ധിച്ച സുപ്രീം കോടതി വിധി ആശാവഹമാണ്. സുപ്രീം കോടതി വിധി അനുസരിച്ച് ഗവർണർക്കല്ല, മുഖ്യമന്ത്രിക്കാണ് ചാൻസലർ ആകാൻ അവകാശം. വിധി കേരളത്തിനും അനുകൂലമാണ്. ഗവർണർമാരെ കൂട്ടുപിടിച്ച് ബിജെപി നടത്തിയ കാവിവത്കരണത്തിന് തിരിച്ചടിയാണ് വിധി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply