വാഷിംഗ്ടണ്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിന് പ്രസിഡന്റ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തു. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കും. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.

വാഷിങ്ങ്ടണിന് അടുത്തുള്ള ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലേക്ക് എത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്. ബ്ലെയര്‍ ഹൗസിന് മുന്നില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിര്‍ വശത്താണ് ബ്ലെയര്‍ ഹൗസ്.
സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയില്‍ തുടങ്ങാന്‍ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply