മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ ലേഖനം. ചിത്രം ഹിന്ദുവിരുദ്ധമാണെന്ന് ലേഖനം ആരോപിക്കുന്നു. ‘മോഹന്‍ലാലിന്റെ എമ്പുരാന്‍: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ഗോധ്രാനന്തര കലാപത്തെ മുതലെടുക്കുന്നു’ എന്ന തലക്കെട്ടില്‍ വിശ്വരാജ് വിയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഓര്‍ഗനൈസറിന്റെ ഓണ്‍ലൈനിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്.
ചിത്രം കേവലവിനോദത്തിന് പകരം പഴകിയ രാഷ്ട്രീയ അജന്‍ഡ മുന്നോട്ടുവെക്കാനുള്ള വേദിയായി മാറിയെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ഗോധ്രാനന്തര കലാപത്തെ ചിത്രം വ്യക്തവും ആശങ്കപ്പെടുത്തുന്നതുമായ പക്ഷപാതത്തോടെയാണ് അവതരിപ്പിക്കുന്നത്. ചരിത്രവസ്തുതകളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന് പകരം കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിഭാഗീയവും ഹിന്ദുവിരുദ്ധമായ ആഖ്യാനം മുന്നോട്ടുവെക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
ചിത്രത്തിന്റെ ആദ്യഭാഗത്തെ രംഗങ്ങള്‍ 2002-ലെ കലാപത്തിലെ പ്രധാന അക്രമകാരികള്‍ ഹിന്ദുക്കളാണെന്ന പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതും അവരെ വില്ലന്മാരായി ചിത്രീകരിക്കുന്നതുമാണ്. ഹിന്ദു സമുദായത്തെ ആകെ അപകീര്‍ത്തിപ്പെടുത്താന്‍ സിനിമ വയലന്‍സിനെ ഉപയോഗിക്കുന്നു. രക്ഷകരായി ചിത്രീകരിക്കപ്പെടാവുന്ന സാഹചര്യങ്ങളില്‍ പോലും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നു. മോഹന്‍ലാലിനെപ്പോലെ പരിചയസമ്പന്നനായ നടന്‍ തന്റെ സിനിമയ്ക്കായി സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം മാത്രം വളര്‍ത്തുന്ന ഒരു പ്രചാരണ കഥ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.
അത്തരം സിനിമയില്‍ അഭിനയിക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം വിശ്വസ്തരായ ആരാധകവൃന്ദത്തോടുള്ള വഞ്ചനയാണ്. എമ്പുരാന്‍ ഹിന്ദു വിരുദ്ധ- ഇന്ത്യ വിരുദ്ധ സിനിമയായി ദേശീയ തലത്തില്‍ തുറന്നുകാട്ടപ്പെടണമെന്നതില്‍ സംശയമില്ലെന്നും പറയുന്ന ലേഖനത്തില്‍ പൃഥ്വിരാജിന്റെ മുന്‍ രാഷ്ട്രീയ നിലപാടുകളേയും വിമര്‍ശിക്കുന്നു.
1921-ലെ മലബാര്‍ കലാപത്തിന്റെ പശ്ചാലത്തില്‍ വാരിയംകുന്ന എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച ശേഷം അത് നടക്കാതെ പോയതിനെക്കുറിച്ച് ലേഖനത്തില്‍ ഒര്‍മിപ്പിക്കുന്നു. സിനിമാ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമേ, പൃഥ്വിരാജ് ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതായും ആരോപണമുണ്ടെന്ന് ലേഖനം പറയുന്നു. ലക്ഷദ്വീപ്, പൗരത്വ ഭേദഗതി ബില്‍ എന്നീ വിഷയങ്ങളിലെ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.