ബാങ്കോക്ക്: മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.
അതേസമയം, ഭൂചലനത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന മ്യാന്‍മാറിന് സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ. ദുരിതാശ്വാസ സാമിഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ദില്ലിക്കടുത്തെ ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു.15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്. എണ്‍പതംഗ എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ആഗ്രയില്‍ നിന്ന് കരസേനയുടെ ഫീല്‍ഡ് ആശുപത്രി സംഘവും മ്യാന്‍മറിലെത്തും.
ആറ് വനിത ഡോക്ടര്‍മാരും സംഘത്തിലുണ്ട്. ആംബുലന്‍സുകളും ശസ്ത്രക്രിയയ്ക്കും എക്‌സ്‌റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും. നാല് നാവികസേന കപ്പലുകളും മ്യാന്‍മറിലേക്ക് തിരിച്ചു. 50 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഈ കപ്പലുകളില്‍ കൊണ്ടു പോകുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തെന്ന് സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യതതില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പര്‍ക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply