ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്ത്. അഭിഭാഷകനായ അനസ് തന്‍വീറാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിക്ക് കത്തെഴുതിയത്.
വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായി ഝാര്‍ഖണ്ഡില്‍നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ കടുത്ത പരാമർശങ്ങളാണ് കഴിഞ്ഞദിവസം നടത്തിയത്. ഇതിനെതിരേ പ്രതിപക്ഷവും വിവിധ കക്ഷിനേതാക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് അനസ് തന്‍വീർ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കത്തെഴുതിയത്.
ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശം ഏറെ അപകീര്‍ത്തികരവും അപകടകരമാംവിധം പ്രകോപനപരവുമാണെന്ന് കത്തില്‍ അനസ് തന്‍വീര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജുഡീഷ്യല്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനും പൊതുജനങ്ങളിൽ കോടതിക്കെതിരേ എതിർപ്പുണ്ടാക്കാനും സമൂഹത്തിൽ അക്രമവും അശാന്തിയും സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കോടതിയെ ബോധപൂർവം അപകീർത്തിപ്പെടുത്താനുള്ള കുറ്റകരമായ ശ്രമമാണിതെന്നും കത്തിൽ ആരോപിക്കുന്നു.
സുപ്രീംകോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിര്‍ദേശിച്ച സുപ്രീംകോടതി വിധിക്കെതിരെയായിരുന്നു ദുബെയുടെ പ്രതികരണം.
പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരത്തിന്മേല്‍ സ്വന്തം നിയമങ്ങളടിച്ചേല്‍പ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്ന് ദുബെ പറഞ്ഞു. ജഡ്ജിമാരുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കാണ് കോടതിയിപ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. രാജ്യത്ത് മത യുദ്ധങ്ങള്‍ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റാണ് നിയമങ്ങളുണ്ടാക്കുന്നത്. പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നത് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്?-ദുബെ പറഞ്ഞു.
സംഭവം വിവാദമായതോടെ ദുബെയുടെ പ്രസ്താവനയോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രസ്താവനയിറക്കി. ഇതിനുപിന്നാലെ പാര്‍ട്ടി ദുബേയ്ക്ക് താക്കീതും നല്‍കിയിരുന്നു.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിര്‍ദേശിച്ച സുപ്രീംകോടതി വിധിക്കെതിരായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ പരാമര്‍ശത്തിനെതിരേ വിവിധ പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു ദുബെയുടെ പ്രസ്താവനയും.
Discover more from MALAYALAM
Subscribe to get the latest posts sent to your email.